അയ്യപ്പ സംഗമം പമ്പയുടെ തീരത്ത് ത്രിവേണിയില്‍ ആരംഭിച്ചു, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച

പമ്പ: പമ്പാനദിയുടെ പുണ്യതീരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനു തിരിതെളിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്ത അയ്യപ്പഭക്തരില്‍ നിന്നു സ്‌ക്രീനിങ് നടത്തി തിരഞ്ഞെടുത്ത 3500 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ക്ക പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആകെ തമിഴ്‌നാട് മാത്രമാണ് ക്ഷണം സ്വീകരിച്ചത്. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചിരിക്കുകയാണ്. ശബരിമലയുമായി ഏറ്റവും ബന്ധമുള്ള പന്തളം കൊട്ടാരവും പരിപാടി ബഹിഷ്‌കരിച്ചിരിക്കുകയാണ്.
ശബരിമലയുടെ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയാണ് അയ്യപ്പസംഗമം ചര്‍ച്ച ചെയ്യുന്നത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും തിരക്കു നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച മുന്‍ ഡിജിപി ജേക്കബ് പുന്നൂസുമാണ് നയിക്കുന്നത്. പങ്കെടുക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് മാത്രമായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുക. അല്ലാത്തവര്‍ക്ക് ചോദ്യങ്ങളും നിര്‍ദേശങ്ങളും എഴുതി നല്‍കാന്‍ മാത്രമാണ് അവസരമുണ്ടായിരിക്കുക.