ഓസ്‌ട്രേലിയന്‍ ജനത കടുത്ത ഏകാന്തതയിലും കനത്ത നികുതിയിലും കുരുങ്ങിപ്പോകുന്നുവെന്ന് സര്‍വേ

മെല്‍ബണ്‍: അടിക്കടി കൂടുതലായി ഒറ്റപ്പെട്ടു പോകുകയും അധികമധികം നികുതി കൊടുക്കുകയും ചെയ്യുന്ന ജനങ്ങളുടെ നാടായി ഓസ്‌ട്രേലിയ മാറിയെന്ന് പഠനം വ്യക്തമാക്കുന്നു. ഹൗസ്‌ഹോള്‍ഡ്, ഇന്‍കം, ലേബര്‍ ഡൈനാമിക്‌സ് ഇന്‍ ഓസ്‌ട്രേലിയ (ഹില്‍ഡ) എന്ന പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇന്നലെയാണ് ഈ പഠനം ഔദ്യോഗികമായി പുറത്തിറങ്ങിയത്. വര്‍ധിക്കുന്ന ജീവിതച്ചെലവുകള്‍ മുതല്‍ സാമൂഹ്യ സമ്പര്‍ക്കത്തിലുണ്ടാകുന്ന കുറവുകള്‍ വരെയെല്ലാം ജനങ്ങളെ അതീവ ഗരുതരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോവിഡിനു ശേഷം ഇതുവരെ സാമൂഹ്യ ബന്ധങ്ങളില്‍ വളരെയധികം കുറവു സംഭവിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പഴയതിനെക്കാള്‍ വളരെ കുറവ് സുഹൃത്തുക്കള്‍ മാത്രമാണ് ആര്‍ക്കും ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ സാമൂഹ്യമായ ഇടപെടലുകളും തീരെ കുറഞ്ഞുപോകുന്നു. ഒരേ ആഴ്ചയില്‍ പല പ്രാവശ്യം സുഹൃത്തുക്കളുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണംപന്ത്രണ്ടു ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ അത് 32 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുപതു ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2001ല്‍ ഇത്തരത്തിലുള്ള സര്‍വേ ആരംഭിച്ചതിനു ശേഷം ഇന്നുവരെയുള്ളതില്‍ ഏറ്റവും കൂടിയ നിരക്കിലുള്ള ആദായനികുതിയാണ് ഇപ്പോള്‍ ജനങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം കൂടുന്നതനുസരിച്ച് വേതനവും കൂടുന്നുണ്ടെങ്കിലും അതിനൊത്ത് ആദായനികുതിയും കൊടുക്കേണ്ടി വരുന്നതിനാല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞുതന്നെ നില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.