അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ, ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റില്‍ നിന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി സൂസന്‍ ക്ലോസും ട്രഷറര്‍ സ്റ്റീഫന്‍ മുല്ലിന്‍ഗനും പുറത്തേക്ക്. ഇവര്‍ രണ്ടു പേരും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതല്ലെന്നും പാര്‍ട്ടി അറിയിച്ചു. ഇതോടെ സൗത്ത് ഓസ്ട്രിലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ വലിയൊരു ശൂന്യതാണ് സൃഷ്ടിക്കപ്പെടുക. ഇവര്‍ രണ്ടുപേരും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കന്‍മാരും വിശ്വസ്തരുമാണ്. ഇവര്‍ പുറത്തേക്കു പോകുന്നതിന്റെ സമയം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാണെങ്കില്‍ കൂടി വ്യക്തപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് പറയുന്നത്. 2012ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സൂസന്‍ ക്ലോസ് കഴിഞ്ഞ ഏഴു വര്‍ഷമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയാണ്. 2014 മുതല്‍ അധികാരത്തിന്റെ ഭാഗമാണ് രാജിവയ്ക്കുന്ന ട്രഷറര്‍ മുല്ലിന്‍ഗന്‍.
ഇവര്‍ രണ്ടു പേരും പുറത്തു പോകുന്നതോടെ പകരം സ്ഥാനമേല്‍ക്കുന്നതിനു രണ്ടു പേരെ ഉടന്‍ കണ്ടെത്തേണ്ട ബാധ്യതയാണ് പാര്‍ട്ടിക്കുണ്ടാകുന്നത്. ഭരണ പരിചയവും പ്രാഗല്‍ഭ്യവും വോട്ടര്‍മാരുമായി ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന രണ്ടു പേരെ പാര്‍ട്ടി കണ്ടെത്തേണ്ടതുണ്ട്. ജനങ്ങളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന രണ്ടു നേതാക്കന്‍മാരെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് നഷ്ടപ്പെടുന്നതു വഴിയുണ്ടാകുന്ന നഷ്ടവും തീരെ ചെറുതല്ല.
സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റില്‍ നിന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ട്രഷററും രാജിവച്ചു. ലേബറുകള്‍ പ്രതിസന്ധിയില്‍

