അഫ്ഗാനിസ്ഥാനിലെ സര്‍കലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിന് നിരോധനം

കാബൂള്‍: വനിതാ എഴുത്തുകാരുടെ എല്ലാ ഗ്രന്ഥങ്ങളും അഫിഗാനിസ്ഥാനിലെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതികളില്‍ നിന്നു പിന്‍വലിച്ച് താലിബാന്‍. ആകെ 680 ഗ്രന്ഥങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. ഇവയില്‍ 140 എണ്ണം കെമിക്കല്‍ ലബോറട്ടറിയിലെ സുരക്ഷിതത്വം എന്ന വിഷയം പോലെയുള്ള നിര്‍ദോഷവും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവയ്ക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെ കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതും ഇതിനൊപ്പം നിരോധിച്ചിട്ടുണ്ട്. ഇതു കൂടാതെ പതിനെട്ട് മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ശരീയത്തിന്റെ ശാസനകള്‍ക്കും ഭരണസംവിധാനത്തിന്റെ നയങ്ങള്‍ക്കും എതിരാണെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഒരാഴ്ച മുമ്പായിരുന്നു രാജ്യത്തെ പത്തു പ്രവിശ്യകളില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് നിരോധിച്ചത്. അസാന്മാര്‍ഗികത സമൂഹത്തില്‍ പടരുന്നതു തടയുന്നതിനാണ് നിരോധനം എന്നായിരുന്നു അതു സംബന്ധിച്ച് ഗവണ്‍മെന്റിന്റെ വിശദീകരണം. രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ അകപ്പെട്ട് കുടുങ്ങിക്കിടന്ന സ്ത്രീകളെ ധാരാളമായി മരണത്തിനു വിട്ടുകൊടുത്തത് പരപുരുഷന്‍മാര്‍ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം തെറ്റായതു കൊണ്ട്.
നാലു വര്‍ഷം മുമ്പ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതു മുതല്‍ ആറാം ക്ലാസിനു മുകളില്‍ സ്ത്രീകളുടെ അധ്യയനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മിഡ്‌വൈഫറി പഠനവും നിരോധിക്കപ്പെട്ടു. ഇപ്പോള്‍ നിരോധിക്കപ്പെട്ട പതിനെട്ടു പഠനശാഖകളും സ്ത്രീ സംബന്ധമായ വിഷയങ്ങളിലുള്ളതാണ്. വനിതാ സാമൂഹ്യശാസ്ത്ര പഠനം പോലും ഇത്തരത്തില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു.