പോളണ്ടിനും റുമാനിയയ്ക്കും പിന്നാലെ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ എസ്‌തോണിയയുടെയും ആകാശത്ത്

ടോളിന്‍: റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അനധികൃതമായി കടന്നുകയറുന്ന മൂന്നാമത്തെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായി എസ്‌തോണിയ മാറുന്നു. നേരത്തെ പോളണ്ട്, റുമാനിയ എന്നീ രാജ്യങ്ങളില്‍ റഷ്യന്‍ വിമാനങ്ങള്‍ കടന്നു കയറിയിരുന്നതാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങള്‍ കയറിയതായി എസ്‌തോണിയ വെളിപ്പെടുത്തി. ഏതാണ്ട് പന്ത്രണ്ടു മിനിറ്റ് സമയത്തോളം വിമാനങ്ങള്‍ എസ്‌തോണിയയുടെ ആകാശത്തുണ്ടായിരുന്നതായും എസ്‌തോണിയന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഇതിനെ അങ്ങേയറ്റം ഹീനകൃത്യമെന്നാണ് എസ്‌തോണിയ വിശേഷിപ്പിച്ചത്. ഇതില്‍ പ്രതിഷേധം അറിയിച്ച് എസ്‌തോണിയന്‍ സര്‍ക്കാര്‍ റഷ്യന്‍ സ്ഥാനപതിക്ക് പ്രതിഷേധക്കുറിപ്പ് കൈമാറി. ആഴ്ചകള്‍ക്കു മുമ്പായിരുന്നു പോളണ്ടിന്റെയും റുമാനിയയുടെയും വ്യോമാതിര്‍ത്തികള്‍ക്കുള്ളില്‍ റഷ്യന്‍ വിമാനങ്ങളെത്തിയത്. റഷ്യയുടെ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായി പോളണ്ടും അറിയിച്ചിരുന്നു.