ടെഹ്റാന്: ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് ഉപരോധത്തില്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനമെടുത്തിരിക്കുകയാണിപ്പോള്‍. സെപ്റ്റംബര്‍ 29ന് ഈ തീരുമാനം നടപ്പില്‍ വരുത്താനുമാണ് തീരുമാനം. ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള ആഭ്യന്തര രാഷ്ട്രീയത്തിന്റെ പ്രശ്നം എന്നതിലുപരി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും ഇതുവഴിയുണ്ടാകുന്ന സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികള്‍ ഏറെയായിരിക്കും. അഫാഗാന് മേഖലയിലേക്കും മധ്യേഷ്യയിലേക്കും ചരക്കുകളെത്തിക്കാനുള്ള തന്ത്രപ്രധാനമായ കവാടം എന്ന നിലയിലായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖത്തിന്റെ പ്രാധാന്യം. അതിനൊത്ത വിധം അവിടെ മൂലധന നിക്ഷേപം നടത്തിയിരിക്കുന്ന ഇന്ത്യന്‍ ഏജന്‍സികളും നിരവധിയാണ്.
ഇറാന് ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫറേഷന്‍ നിയമപ്രകാരമായിരുന്നു ഇത്രയും നാള് ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധമൊന്നും ഈ തുറമുഖത്തെ ബാധിക്കാതിരുന്നത്. എന്നാല്‍ ഈ ഇളവ് പിന്‍വലിക്കാനാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. നിരവധി ലോക രാജ്യങ്ങളെ ഇതു ബാധിക്കുമെങ്കിലും ഏറ്റവും ബുദ്ധിമുട്ട് നേരിടാന്‍ പോകുന്നത് ഇന്ത്യയും ചൈനയുമൊക്കെയായിരിക്കും. ഈ തുറമുഖം തുടര്‍ന്നും ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്കു തടസമുണ്ടാകില്ലെങ്കിലും അമേരിക്ക ചുമത്താന്‍ പോകുന്ന പിഴകള്‍ മുഴുവന്‍ ഇന്ത്യയ്ക്കും ബാധകമായിരിക്കും. ഗള്‍ഫ് മേഖലയുടെ പ്രാദേശിക ചരക്കു ഗതാഗതത്തിനും ഈ തുറമുഖം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഒമാന്‍ ഉള്‍ക്കടലിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇളവുകള്‍ പിന്‍വലിച്ചത് ഇറാനെതിരേ അമേരിക്ക പ്രയോഗിക്കുന്ന സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് കാണേണ്ടത്. അതിനാല്‍ അത് എന്നുവരെ തുടരുമെന്നു പറയാനുമാവില്ല.
ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് അമേരിക്കയുടെ ഉപരോധം, അടി കിട്ടുക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്

