കൊച്ചി: അര്‍ജന്റീനയുടെ ഫുട്ബോള്‍ രാജാവ് ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവ് ഏറക്കുറേ തീര്‍ച്ചയായി. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അവരുടെ നവംബര്‍ മാസത്തിലെ പരിപാടികളിലാണ് ഇന്ത്യയിലേക്കുള്ള വരവ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മെസി എവിടെ കളിക്കും എന്ന കാര്യത്തില്‍ ഇതുവരെ അവസാന തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയിപ്പോള്‍ ക്രിക്കറ്റിനു വേണ്ട തയാറെടുപ്പുകള്‍ നടത്തുകയാണ്. കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാന്‍ അന്താരാഷ്ട്ര സ്റ്റേഡിയമാണ് തിരുവനന്തപുരം കഴിഞ്ഞാല്‍ പരിഗണിക്കുന്നത്. അതു പോലെ അര്‍ജന്റീനയ്ക്കെതിരേ ഏതു ടീമായിരിക്കും കളിക്കുക എന്ന കാര്യത്തിലും തീരൂമാനമാകാനുണ്ട്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് സാമൂഹ്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ യാത്രാപരിപാടിയിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് ഒക്ടോബറില്‍ ടീം അമേരിക്കന്‍ സന്ദര്‍ശനത്തിലായിരിക്കും. നവംബറില്‍ ഇന്ത്യയിലും അംഗോളയിലും കളികളുള്ളതായാണ് വ്യക്തമാക്കിയിരിക്കുന്നത്. നവംബറില്‍ ഇതനുസരിച്ച് ഇന്ത്യയിലേക്കുണ്ടെങ്കില് കേരളത്തിലും കളിയുണ്ടാകും. നവംബര്‍ പത്തു മുതല്‍ 18 വരെയുള്ള തീയതികള്ക്കിടയിലായിരിക്കും ഇന്ത്യയിലേക്കുള്ള വരവ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
നവംബറില്‍ മെസി ഇന്ത്യയിലെത്തും- എഎഫ്എ, കേരളത്തിലുമെത്തും. കൊച്ചിയില്‍ കളിക്കാന്‍ കൂടുതല്‍ സാധ്യത

