ദുബായ്: കോഫി ലുവാക്കിന്റെ റെക്കോഡ് വില ഇതാ ദുബായിലെ സ്‌പെഷാലിറ്റി കോഫി ഷോപ്പിനു മുന്നില്‍ തകരുന്നു. ഇതുവരെ ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയായി കണക്കാക്കിയിരുന്നത് കോഫി ലുവാക് എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്നതും ഒരു പ്രത്യേകയിനം കുരുവില്‍ നിന്നു സത്തെടുത്ത് തയാറാക്കുന്നതുമായ കാപ്പിയായിരുന്നു. സമ്പന്നരായ കാപ്പി പ്രേമികളുടെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കോഫി ഷോപ്പ് ആയ ദുബായിലെ റോസ്‌റ്റേഴ്‌സ് എന്ന എമിറാത്തി കോഫിഷോപ്പാണ് ഇപ്പോള്‍ പുതിയ ഇനം കാപ്പിയുണ്ടാക്കി കോഫി ലുവാക്കിനെ കടത്തിവെട്ടിയിരിക്കുന്നത്. കാപ്പിയില്‍ വളരെ അപൂര്‍വമായ പനാമന്‍ ഗീഷ ബീന്‍സില്‍ നിന്നുണ്ടാക്കുന്ന ഈ കാപ്പിക്ക് ഒരു കപ്പിന് ഇവര്‍ ഈടാക്കുന്ന വില കേട്ട് ഞെട്ടരുത്-ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അറുപതിനായിരം രൂപ. കോഫി ലുവാക്കിന് ശരാശരി വില ഒരു കപ്പിന് 25000 രൂപ മാത്രമായിരുന്നെന്ന് ഓര്‍ക്കുക. പനാമന്‍ ഗീഷ ബീന്‍സ് കോഫിയുടെ പ്രത്യേകത കാപ്പിച്ചെടി വളരുന്നിടത്തു നിന്നു ലഭിക്കുന്നതാണ്. ആ മണ്ണിലും ആ പരിതസ്ഥിതിയിലും മാത്രം ലഭിക്കുന്ന സ്വാദാണ് ഇതിനുള്ളത്. കാപ്പിക്കൊപ്പം നല്‍കുന്ന ലഘുഭക്ഷണങ്ങളെല്ലാം സൗജന്യമാണ്. ഒരിനം വെരുക് കഴിക്കുന്ന കാപ്പിക്കുരുവില്‍ നിന്നു ദഹിക്കാതെ പുറത്തുവരുന്ന ബീന്‍സ് മാത്രം ശേഖരിച്ച് അതില്‍ നിന്നായിരുന്നു കോഫി ലുവാക് ഉണ്ടാക്കിക്കൊണ്ടിരുന്നത്. അതായത് ആ വെരുക് ഉള്ളിടത്തു നിന്നെല്ലാം കോഫി ലുവാക്കിനു വേണ്ട അസംസ്‌കൃത വസ്തു ലഭിക്കും. എന്നാല്‍ പനാമ ഗീഷ കോഫിക്ക് മറ്റൊരിടത്തു നിന്നും അസംസ്‌കൃത വസ്തു ലഭിക്കില്ല. അതാണ് വിലയിലെ വ്യത്യാസം.
ഇതിനെ കാപ്പികളിലെ വിവിഐപി എന്നു വിളിച്ചാല്‍ പോരാ, വില കേട്ടാല്‍ കാപ്പിയോടുള്ള കൊതി പോലും ആവിയാകും.

