തിരുവനന്തപുരം: പ്രവാസികളുടെ ആരോഗ്യ രക്ഷയ്ക്കായി നോര്‍ക്ക ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ എന്ന ആരോഗ്യരക്ഷാ പദ്ധതിയില്‍ നിന്ന് യഥാര്‍ഥ ആവശ്യക്കാരായി മാറാവുന്ന മുഴുവന്‍ പേരും പുറത്താകുമെന്ന പരാതി ഉയരുന്നു. പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിവരെ പദ്ധതിയുടെ പരിധിയില്‍ നിന്നു പുറത്താക്കുന്നതോടെയാണിത്. നാല്പതു ലക്ഷത്തിലധികം പ്രവാസികളെയാണ് പദ്ധതിയുടെ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെങ്കിലും നിലവില്‍ വിദേശത്തുള്ളവരും കേരളത്തിനു പുറത്തു ജോലിചെയ്യുന്നവരുമായ ആള്‍ക്കാരെ മാത്രമാണ് പരിഗണിക്കുന്നത്. നിരവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ആരോഗ്യപ്രശ്നങ്ങളും തൊഴില്‍ നഷ്ടത്തിന്റെ പ്രശ്നങ്ങളുമായാണ് തിരികെ വന്നവലില് മിക്കവരും കഴിയുന്നത്. ഈ പദ്ധതിയുടെ യഥാര്‍ഥ പ്രയോജനം എടുക്കേണ്ടതും അവരാണ്. എന്നാല്‍ അവരെ പുറത്തു നിര്‍ത്തുന്നതായാണ് പരാതി ഉയരുന്നത്. ഇക്കൂട്ടരുടെ എണ്ണം പതിനാലു ലക്ഷത്തിനു മേല്‍ വരുമെന്നാണ് പ്രവാസ സംഘടനകളുടെ കണക്കുകൂട്ടല്‍. അടുത്ത തിങ്കളാഴ്ചയാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കാനിരിക്കുന്നത്.
ഇപ്പോള്‍ വിദേശത്തു ജോലിയിലിരിക്കുന്നവര്‍ക്ക് ഓരോ രാജ്യത്തിന്റെയും ആരോഗ്യരക്ഷാ പദ്ധതികള്‍ നിലവിലുള്ളതാണ്. ഗള്‍ഫ് രാജ്യങ്ങളിലാണെങ്കില്‍ തൊഴില്‍ പെര്‍മിറ്റിനൊപ്പം അതതു രാജ്യങ്ങളിലെ ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. അതിന്റെ അടിസ്ഥാനത്തില്‍ അതതു രാജ്യങ്ങളില്‍ തന്നെ ചികിത്സാ സൗകര്യവും കിട്ടാനുണ്ട്. പലയിടത്തും പ്രവാസികള്‍ക്കു മാത്രമല്ല കുടുംബത്തിനും ഇത്തരം ഇന്‍ഷുറന്‍സിന്റെ കവറേജ് കിട്ടുന്നതാണ്.
നോര്‍ക്ക കെയറിന്റെ പദ്ധതിയിലാണെങ്കില്‍ പ്രവാസികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ടിട്ടുമില്ല. പലപ്പോഴും പ്രവാസികള്‍ സകുടുംബം വിദേശത്തു കഴിയുമ്പോള്‍ നാട്ടിലുണ്ടാകുക അവരുടെ പ്രായമെത്തിയ മാതാപിതാക്കളായിരിക്കും. അവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം കിട്ടില്ലെന്നര്‍ഥം. അതിലുപരി വിദേശത്തു നടത്തുന്ന ചികിത്സ ഇതില്‍ കവര്‍ ചെയ്യപ്പെടുന്നുമില്ല. കേരളത്തില്‍ തിരികെയെത്തി ചികിത്സ തേടുന്ന പ്രവാസികള്‍ക്കുമാത്രമായി പദ്ധതി ചുരുങ്ങുന്ന അവസ്ഥയാണിപ്പോള്‍.
നോര്‍ക്ക കെയര്‍ തിങ്കളാഴ്ച മുതല്‍, യഥാര്‍ഥത്തില്‍ ചികിത്സാ സഹായം ആവശ്യമുള്ളവര്‍ പുറത്തെന്നു പരാതി വ്യാപകം

