സിഡ്നി: നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും സുരക്ഷിതമായും അഭിമാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ കഴിയുന്ന ഇടമായി ഓസ്ട്രേലിയയെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തര്ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവും ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയുമായ സൂസന് ലേ. മുന്നണികള്‍ വരും, പോകും എന്നാല്‍ നമുക്കും ഓസ്ട്രേലിയയ്ക്കും നിലനില്‍ക്കേണ്ടതുണ്ടെന്ന് അവര്‍ മലയാളീപത്രം ചീഫ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അഞ്ചനാടിന് അയച്ച കത്തില്‍ വ്യക്തമാക്കി.
സൂസന് ലേയുടെ കത്തില്‍ നിന്ന്:
ഒാസ്ട്രേലിയ ഇന്നൊരു നാല്ക്കവലയിലാണ്.
ഒരു ഭാഗത്ത് ഗവണ്‍മെന്റാണുള്ളത്. വലുപ്പമേറിയ ഗവണ്മെന്റ്, കൂടിയ ചെലവുകള്‍, കൂടിയ കടബാധ്യത, അതിന്റെയൊക്കെ ഫലമായി കൂടിയ നികുതികള്‍.
മറുഭാഗത്ത് നമ്മുടെ ഉത്തരവാദിത്വമാണുള്ളത്. വരവുകളിലൊതുങ്ങി ജീവിക്കുന്നതിന്, നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്, അങ്ങനെ ഇന്നത്തേതിലും മോശമായ അവസ്ഥയിലല്ല, വളരെ നല്ല അവസ്ഥയില്‍ ഈ നാടിനെ നമ്മുടെ മക്കള്‍ക്ക് കൈമാറുന്നതിനുള്ള ഉത്തരവാദിത്വം.
ഞാന്‍ ഇന്നുതന്നെ മറ്റൊരിടത്തു പറഞ്ഞതുപോലെ, ആശ്രയബോധത്തിന്റെ കാലം കഴിയണം. പകരം വഴി തുറന്നു കിട്ടേണ്ടത് സ്വയം ശക്തിപ്പെടുന്നതിനാണ്. ഇതിനായി ചില അടിസ്ഥാന സാമ്പത്തിക തത്വങ്ങള്‍ നാം ശീലിക്കേണ്ടതുണ്ട്.
- വീടുകള്‍ എങ്ങനെയാണോ വരവിനനുസരിച്ച് ചെലവുകള്‍ നിയന്ത്രിച്ച് ജീവിക്കുന്നത് അതുപോലെ ഗവണ്മെന്റും തങ്ങളുടെ വരവില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാന്‍ തയാറാകണം.
- വ്യക്തികളുടെ വളര്‍ച്ചയ്ക്കുള്ള ആഗ്രഹവും അതിനായുള്ള കഠിനാധ്വാനവും പ്രോത്സാഹിപ്പിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം, അല്ലാതെ ഉയര്‍ന്ന നികുതികള്‍ മുഖേന ശിക്ഷിക്കപ്പെടുകയല്ല വേണ്ടത്.
- ക്ഷേപദ്ധതികള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംരക്ഷണവലയമാകണം, അല്ലാതെ സ്വന്തം കാര്യം സ്വയം പരിഹരിക്കാന്‍ പറ്റുന്നവര്‍ക്കുള്ള ഊഞ്ഞാല്കിടക്കയായിക്കൂടാ.
- ചെലവഴിക്കപ്പെടുന്ന ഓരോ ഡോളറിനും തത്തുല്യമായ സമ്പാദ്യം എവിടെയെങ്കിലും ഉണ്ടായിരിക്കണം. ഇതിനായി മുന്‍ഗണനകളുടെ തിരുത്തലും ഗവണ്മെന്റ് മെലിയുകയാണ് വേണ്ടതെങ്കില്‍ അതിനുള്ള പരിഷ്കരണവും ഉണ്ടാകണം.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമേഖലയിലും നാം ശക്തിപ്പെടണമെങ്കില്‍ അതിനു തക്കവിധം സാമ്പത്തിക മേഖലയില്‍ ആദ്യമേ ശക്തിപ്പെടേണ്ടതുണ്ട്.
ലേബറുകള്‍ ഇപ്പോള്‍ കടംകൊണ്ട പണം കൊണ്ടാണ് ധാരാളിത്തം കാട്ടുന്നത്. മൊത്തം ദേശീയ ഉല്പാദനത്തിന്റെ 27 ശതമാനമാണ് ഗവണ്മെന്റുമായി ബന്ധപ്പെട്ട ചെലവുകള്‍. 1986ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്.
ഇത്തവണത്തെ ദേശീയ ബജറ്റ് വ്യക്തമാക്കുന്നത് ഇനിയൊരു പത്തുവര്‍ഷത്തെ സാമ്പത്തിക കമ്മിയാണ്.
ലേബറുകള്‍ വരുത്തിയിരിക്കുന്ന കടത്തിന്റെ ഓരോ രണ്ടു മിനിറ്റിലെയും പലിശയെന്നാല്‍ ഒരു നഴ്സിനു ജോലി നഷ്ടമാവുന്നു എന്നാണര്‍ഥം. ഓരോ നാലുമിനിറ്റിലെയും പലിശയെന്നാല്‍ ഒരു ഡോക്ടര്‍ക്കു ജോലിയില്ലാതാകുന്നു എന്നുമാണര്‍ഥം.
ഇന്നത്തെ രാഷ്ട്രീയത്തിനു പകരമായി വരും തലമുറയ്ക്കായി ഒരു ക്രെഡിറ്റ് കാര്‍ഡ് ബില്‍ ബാക്കിവയ്ക്കുകയല്ല നാം ചെയ്യേണ്ടത്.
നമ്മുടെ കൂട്ടുമുന്നണി കടങ്ങളുടെ ഈ വേലിയേറ്റത്തെ തടഞ്ഞു നിര്‍ത്തും. ഉത്തരവാദിത്വബോധം തിരികെ കൊണ്ടുവരും. തലമുറകള്‍ക്കിടയിലുള്ള നീതിപൂര്‍വമായ ഇടപെടലുകളും ഓസ്ട്രേലിയക്കാരുടെ സ്വയം ശാക്തീകരണവും ഉറപ്പാക്കുകയും ചെയ്യും.
2028ല്‍ അത്തരം അവസ്ഥ സംജാതമാക്കുന്നതിന് ഞങ്ങള്‍ക്ക് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ കൂടിയേ തീരൂ.
ഇതിനായുള്ള നിങ്ങളുടെ സംഭാവനകള്‍ ശക്തമായ സമ്പദ്വ്യവസ്ഥയും ഉത്തരവാദിത്വമുള്ള ഗവണ്മെന്റും നിലവില്‍ വരുന്നതിന് പിന്തുണയാകും. അങ്ങനെ ലേബറുകള്ക്കെതിരേ നേരിട്ടുള്ള പോരാട്ടം നമുക്ക് ഉറപ്പു വരുത്താം.
അങ്ങനെ വരും തലമുറകള്‍ക്ക് കടങ്ങള്‍ക്കു പകരം അവസരങ്ങള്‍ കരുതിവയ്ക്കുന്നവരായി നമുക്ക് മാറാം.

