റിവര്‍‌സ്റ്റോണിലെ ഗ്യാസ് ലീക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ നേപ്പാളി വിദ്യാര്‍ഥിക്കു വേണ്ടി ഒരു കൈ സഹായം

സിഡ്‌നി: റിവര്‍‌സ്റ്റോണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റ് ഹവേലിയില്‍ ഗ്യാസ് ലീക്ക് സംഭവിച്ച് ഒരാള്‍ മരിച്ചിട്ട് മൂന്നു ദിവസമാകുന്നു. ഒരു ദിവസം ഇക്കാര്യം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ വാര്‍ത്തകള്‍ ആറിത്തണുക്കുമ്പോഴും തണുക്കാത്തതും തണുക്കാന്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതുമായ മറ്റൊരു വിങ്ങലുണ്ട്. കുരുന്നു പ്രായത്തിലേ ഓര്‍ക്കാപ്പുറത്ത് ജീവന്‍ നഷ്ടപ്പെടാനിടയായ ആ ചെറുപ്പക്കാരന്റെ ഉറ്റവരും ബന്ധുക്കളുമായുള്ളവരുടെ വേദനയുടെ വിങ്ങലാണത്. നേപ്പാളില്‍ നിന്നു പഠനാവശ്യത്തിനായി സിഡ്‌നിയിലെത്തിയ ശിവ ഖാത്രി എന്ന വിദ്യാര്‍ഥിയാണ് അന്നു വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞത്. ശിവയുടെ മരണശേഷം ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും ശേഷിക്കുന്നത് ഒരേയൊരു ആഗ്രഹമാണ്. മൃതദേഹം നാട്ടില്‍ അവരുടെയടുത്ത് അന്ത്യകര്‍മങ്ങള്‍ക്കും മുറപോലെയുള്ള സംസ്‌കാരത്തിനുമായി എത്തിക്കണം. ആര്‍ക്കും അറിയാവുന്നതു പോലെ ഏറെ പണച്ചെലവു നേരിടുന്ന ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സിഡ്‌നിയിലെ ഒരുപറ്റം മനുഷ്യസ്‌നേഹികള്‍. ഉദാരമായ സംഭാവന സുമനസുകളില്‍ നിന്നു ലഭിക്കും എന്ന പ്രതീക്ഷയാണിവര്‍ക്ക്. ഈ വാര്‍ത്ത വായിക്കുന്ന ആര്‍ക്കും സംഭാവന ചെയ്യാം. മറ്റുള്ള നല്ല മനസുകളിലേക്കു കൂടി ഈ വാര്‍ത്ത എത്തിക്കാം. നമ്മില്‍ നിന്നു വേര്‍പെട്ട ആ കുഞ്ഞിന്റെ ആത്മാവിനുള്ള ഉദകമാകട്ടെ നമ്മുടെ സംഭാവനകള്‍.