ലുധിയാന: വിവാഹിതയാകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെത്തിച്ചേര്‍ന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ പൗരയെ വിവാഹ വാഗ്ദാനം നല്‍കിയ യുകെ പൗരനായ ഇന്ത്യക്കാരന്‍ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊന്നു കത്തിച്ചതായി കേസ്. സ്ത്രീക്ക 71 വയസും കൊലപാതകത്തില്‍ ഇടപാടു ചെയ്ത പുരുഷന് 75 വയസുമാണ് പ്രായം. പോലീസ് പറയുന്ന വിവരമനുസരിച്ച് രൂപീന്ദര്‍ കൗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഇന്ത്യയിലേക്ക് ഇവരെ വരുത്തിയതും വാടകക്കൊലയാളിയായ സുഖ്ജിത് സിംഗിനെ ഏര്‍പ്പാടാക്കിയതും ചരണ്‍ജിത് സിംഗ് ഗ്രേവാള്‍ എന്നയാളാണ്. കൊലപാതകം നടത്തിയതിനു ശേഷം പല ദിവസങ്ങളായി ഇവരുടെ ശരീരം ഇരുവരും ചേര്‍ന്ന് കത്തിക്കുകയും അവസാനം ശേഷിച്ച ശരീര ഭാഗങ്ങള്‍ ലുധിയാനയ്ക്കു സമീപത്ത് ഓടയിലൊഴുക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈയിലാണ് അമേരിക്കയില്‍ നിന്നും രൂപീന്ദര്‍ കൗര്‍ ഇന്ത്യയിലെത്തുന്നത്. ലുധിയാന ജില്ലാ കോടതിയിലെ ടൈപ്പിസ്റ്റ് സുഖ്ജിത് സിംഗിന്റെ വീട്ടിലായിരുന്നു അന്നുമുതല്‍ ഇവര്‍ താമസിച്ചിരുന്നത്. അവര്‍ക്ക് ഭൂമിസംബന്ധമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് സഹായിക്കണമെന്ന് സുഖ്ജിത് സിംഗിനോട് ചരണ്‍ജിത് സിംഗ് ആവശ്യപ്പെട്ടിരുന്നു. രൂപീന്ദറിനെ ജൂലൈ 12ന് കൊന്നുവെന്നാണ് പോലീസ് കരുതുന്നത്. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ഇവരെ കാണാനില്ലെന്നു സുഖ്ജിത് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. അവരുടെ ഭൂമി സംബന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ട മുക്ത്യാര്‍ ആറുമാസം മുമ്പേ തന്റെ പേരില്‍ നല്‍കിയിരുന്നതായും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഖ്ജിതിന്റെ വീട്ടില്‍ പുതിയ ടൈലുകള്‍ പാകിയിരിക്കുന്നതായും പെയിന്റ് പുതുക്കിയതായും കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണമാണ് യഥാര്‍ഥ പ്രതികളിലേക്കെത്തിയത്. യഥാര്‍ഥത്തില്‍ രൂപീന്ദറിനെ വിവാഹം കഴിക്കാനുദ്ദേശിച്ചിരുന്ന ചരണ്‍ജിത് പിന്നീടാണ് ഇവര്‍ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നറിയുന്നത്. ഇതോടെ ബന്ധത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ രൂപീന്ദര്‍ ഭീഷണി മുഴക്കി. ഇതേ തുടര്‍ന്നാണ് അമ്പതു ലക്ഷം രൂപയ്ക്ക് സുഖ്ജിതിന് ക്വട്ടേഷന്‍ കൊടുക്കുന്നത്. പോലീസിന്റെ കൃത്യമായ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ സഹായമായത്.
75 വയസുള്ള യുകെ ഇന്ത്യക്കാരന്‍ ക്വട്ടേഷന്‍ കൊടുത്ത് 71 വയസുള്ള യുഎസ് ഇന്ത്യക്കാരിയെ കൊന്നു, കത്തിച്ചു

