ആരോഗ്യകാര്യങ്ങളിൽ തത്പരരായ വായനക്കാർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന വിഭവമാണ് എയർ ഫ്രയർ തന്തൂരി ചിക്കൻ. ഹോട്ടലിൽ ലഭിക്കുന്ന തന്തൂരിയേക്കാൾ രുചി ഒരുപടി ഏറിയാലേയുള്ളു എന്നു നിസ്സംശയം പറയാം. കോഴിയുടെയും മറ്റു ചേരുവകളുടെയും ഗുണനിലവാരം നമ്മുടെ കൈയിലാണെന്നതിനാൽ ഹോട്ടലിലേതിലും തികച്ചും ആരോഗ്യകരവുമാണ്. മാത്രമല്ല, എണ്ണ തീരെ യോഗിക്കുന്നതേയില്ല എന്ന പ്രത്യേകതയും ഈ റെസിപ്പിക്കുണ്ട്. ലോ കാർബ് ഡയറ്റ് പരീക്ഷിക്കുന്നവർക്ക് എളുപ്പത്തിൽ രുചികരമായ ഭക്ഷണം വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന റെസിപ്പികളിൽ ഇതു മുൻപന്തിയിൽത്തന്നെയുണ്ട്.
വിശേഷം മതി, ഇനി റെസിപ്പിയിലേയ്ക്കു കടക്കാം. അരക്കിലോ ചിക്കൻ എടുത്ത് കഴുകി വൃത്തിയാക്കി ഒരുപാടു വലിപ്പമില്ലാത്ത കഷണങ്ങളാക്കി നുറുക്കി മാറ്റിവയ്ക്കുക. അടുത്തതായി മാരിനേഡ് തയ്യാറാക്കാം. ഒരു പാത്രത്തിൽ പുളിപ്പുകുറഞ്ഞ കട്ടത്തൈര് നാലോ അഞ്ചോ ടേബിൾസ്പൂൺ എടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമിട്ടുവയ്ക്കുക. എന്നിട്ട് ഗരം മസാല, പെരുംജീരകം പൊടിച്ചത് എന്നിവ ഓരോ നുള്ളുവീതവും, മഞ്ഞൾപ്പൊടി ഒരു ടീസ്പൂണും ചേർക്കുക. ശേഷം രണ്ടു ടേബിൾസ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർക്കാം. രുചിക്കാവശ്യമുള്ളത്ര കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. അര നാരങ്ങയുടെ നീരും ഇതിലേയ്ക്കു ചേർക്കുക. വേണമെങ്കിൽ അൽപ്പം റോസ്മേരിയും ബേസിലും ചേർക്കാവുന്നതാണെങ്കിലും ഇവ നിർബന്ധമില്ല.
എല്ലാ ചേരുവകളും ഇട്ടശേഷം മാരിനേഡ് നന്നായി ഇളക്കിച്ചേർക്കുക. ഇനി നേരത്തേ മാറ്റിവച്ചിരിക്കുന്ന ചിക്കൻ മാരിനേഡിലേയ്ക്കിട്ട് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസ് ചെയ്യേണ്ട കാര്യമില്ല, എന്നാൽ രണ്ടുമണിക്കൂർ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
എയർ ഫ്രയറിൽ വയ്ക്കാൻ സിലിക്കൺ പാത്രങ്ങളുണ്ടെങ്കിൽ നല്ലതാണ്. ഇല്ലെങ്കിൽ കഴുകി വൃത്തിയാക്കിയ എയർ ഫ്രയറിലേയ്ക്ക് രണ്ടുമണിക്കൂർ മാരിനേറ്റ് ചെയ്ത കോഴി വെച്ച് 180-200 ഡിഗ്രി സെൽഷ്യസിൽ 10-12 മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിന് എണ്ണയോ ബട്ടറോ ആവശ്യമില്ലെന്നു പ്രത്യേകം ശ്രദ്ധിക്കുക. കോഴിയിറച്ചിയിൽ നിന്നുവരുന്ന നെയ്യുകൊണ്ടുതന്നെ നന്നായി മൊരിഞ്ഞുവരുന്നതാണ്. എങ്കിലും ആവശ്യമെങ്കിൽ അൽപ്പം എണ്ണ തളിച്ചശേഷം വറുക്കുകയുമാവാം. 10-12 മിനിറ്റ് വറുത്തശേഷം ചിക്കൻ പുറത്തെടുത്ത് മറിച്ചിടുക. എന്നിട്ട് 150-160 ഡിഗ്രി സെൽഷ്യസ് ചൂടിൽ വീണ്ടും അഞ്ചുമിനിറ്റ് വറുക്കുക.
നല്ല ജ്യസി ടേസ്റ്റി എയർ ഫ്രയർ തന്തൂരി ചിക്കൻ തയ്യാർ! ഇത് മുൻപു ഞങ്ങൾ പങ്കുവച്ച സാലഡിന്റെകൂടെയോ അല്ലെങ്കിൽ മയണേസിന്റെകൂടെയോ കഴിക്കാവുന്ന ഹൈ പ്രോട്ടീൻ ഭക്ഷണമാണ്.
വീട്ടിൽത്തന്നെ നല്ല അടിപൊളി മയണേസ് എങ്ങനെയുണ്ടാക്കാമെന്നു കാണാൻ ഞങ്ങളുടെ അടുത്ത റെസിപ്പിക്കായി കാത്തിരിക്കൂ!

