അബുദാബി: പ്ലാസ്റ്റിക്കിനെതിരായ അബുദാബിയുടെ യുദ്ധം പൂര്ണവിജയത്തോടടുക്കുന്നു. നിലവില്‍ ശേഖരിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപഭോഗം 95 ശതമാനം കുറയ്ക്കാന്‍ എമിറേറ്റിനായിട്ടുണ്ട്. ഇതേ നിലയില്‍ മുന്നോട്ടു പോയാല്‍ ലക്ഷ്യമിട്ടിരിക്കുന്ന രീതിയില്‍ അടുത്ത വര്‍ഷത്തോടെ ഇത്തരം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ദീര്‍ഘകാല ഉപയോഗക്ഷമതയുള്ള സഞ്ചികള്‍ മാത്രം ഉപയോഗിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ സമ്മര്‍ദം ശക്തമാക്കിയതാണ് ഇത്ര മികച്ച രീതിയില്‍ ലക്ഷ്യത്തോടടുക്കാന്‍ അബുദാബിയെ സഹായിച്ചതെന്നു പറയുന്നു.
അടുത്ത ഘട്ടമായി പ്ലാസ്റ്റിക് വിരുദ്ധ കാംപയ്ന് കൂടുതല്‍ ഊര്‍ജിതമാക്കാനും പുനരുപയോഗ സാധ്യമായ ബദലുകളിലേക്ക് മുഴുവനായി മാറാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി)യുടെ തീരുമാനം. ഇതിനായി അഭിപ്രായ സര്‍വേ ഉടന്‍ ആരംഭിക്കുകയും ചെയ്യും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുന്നതിന് 2022 ജൂണ്‍ ഒന്നിനാണ് അബുദാബി തീരുമാനിക്കുന്നത്. ഈ തീരുമാനം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 17.2 കോടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗമാണ് കുറഞ്ഞത്. ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക് സഞ്ചി, പ്ലേറ്റ്, ഗ്ലാസ്, കത്തി, അടപ്പുകള്‍ സ്പൂണ്‍, ഫോര്‍ക്ക് എന്നിവ ഉള്‍പ്പെടെ 16 സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാനായിരുന്നു തീരുമാനം. രണ്ടാം ഘട്ടത്തില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സ്റ്റെറോഫോം കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടെയ്നറുകള്‍ തുടങ്ങിയവയാണ് നിര്‍ത്തലാക്കുക. അതനടുത്ത ഘട്ടത്തിലാണ് പുനരുപയോഗസാധ്യമല്ലാത്ത എല്ലാ പ്ലാസ്റ്റിക്കും നിരോധിക്കുന്നത്.
പ്ലാസ്റ്റിക്കിനെതിരായ നീക്കം അബുദാബിയില്‍ വിജയത്തിലേക്ക്, ഇതുവരെ കുറയ്ക്കാനായത് 95 ശതമാനം ഉപയോഗം

