ഏഷ്യ കപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണ ഭീഷണി ഉപേക്ഷിച്ച് പാക്കിസ്ഥാന്‍ കളിക്കിറങ്ങി. മത്സരം തടസപ്പെട്ടത് ഒരു മണിക്കൂര്‍

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയും ഉപേക്ഷിച്ചും കളി വൈകിപ്പിച്ചും ഒരു ദിവസത്തെ സസ്‌പെന്‍സ് സൃഷ്ടിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിക്കുകയാണെന്നുള്ള വാര്‍ത്തകളായിരുന്നു ഉച്ചവരെ പുറത്തുവന്നിരുന്നത്. ബഹിഷ്‌കരിക്കുമെന്നുള്ള വാര്‍ത്ത അനൗദ്യോഗികമായി പുറത്തു വിട്ടെങ്കിലും തിരികെ നാട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങളൊന്നുമില്ലാതെ ഹോട്ടലില്‍ തന്നെ ടീം തുടരുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും ബഹിഷ്‌കരിക്കുന്നില്ലെന്ന തീരുമാനം വന്നു. എന്നാല്‍ കളിക്കു റിപ്പോര്‍ട്ട ചെയ്യേണ്ട സമയമായിട്ടും സ്‌റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമില്ല. ആകെ അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങള്‍ക്ക് അന്ത്യമായത് രാത്രി ഏഴരയോടെ ഹോട്ടലില്‍ നി്ന്നു പുറത്തുവന്നപ്പോഴാണ്. ഇതു മൂലം കളി തുടങ്ങാന്‍ ഒരു മണിക്കൂറിനടുത്താണ് വൈകിയത്.
ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം തുടങ്ങേണ്ടത്. ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാന ഗ്രൂപ്പ് ലവല്‍ മത്സരത്തില്‍ യുഎഇയെ ആണ് പാക്കിസ്ഥാന്‍ നേരിടുന്നത്. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ എതിര്‍പ്പും ബഹിഷ്‌കരണ ചിന്തയുമൊക്കെ തുടങ്ങുന്നത്. ഇന്ത്യയുമായുള്ള ഈ മത്സരത്തില്‍ ഏഴു വിക്കറ്റിന് പാക്കിസ്ഥാന്‍ തോറ്റിരുന്നു. എന്നാല്‍ ടോസ് നേടിയ ശേഷം ഇരു ടീമുകളും കൈകൊടുത്ത് മത്സരത്തിനിറങ്ങേണ്ട സമയമായപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്ക്കു കൈകൊടുക്കാന്‍ വിസമ്മതിച്ചു. മത്സരത്തിനും വിജയത്തിനും ശേഷം ഇന്ത്യന്‍ ടീം കളത്തില്‍ നിന്നു കയറു്ന്നതിനു മുമ്പും കൈകൊടുത്തതേയില്ല. ഇതിനു പിന്നില്‍ മാച്ച് റഫരിയുടെ ഇടപെടലാണെന്നും റഫറിയെ മാറ്റിനിര്‍ത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയതോടെയാണ് ബഹിഷ്‌കരണം എന്ന ചിന്ത പാക് ടീമില്‍ പടരുന്നത്.