തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. മാനന്തവാടി, താമരശേരി രൂപതകളിലും സേവനം

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. അദ്ദേഹത്തിനു 95 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.50 നായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്ഷീണാവസ്ഥയിലും ചികിത്സയിലുമായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ രംഗത്ത് തൃശൂര്‍ അതിരൂപതയുടെ മുന്നേറ്റത്തിനു നേതൃത്വം നല്‍കാന്‍ മാര്‍ തൂങ്കുഴിക്കായി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, ജ്യോതി എന്‍ജിനിയറിങ് കോളജ്, മുള്ളൂര്‍ക്കരയിലെ മഹാജൂബിലി ബിഎഡ് കോളജ്, എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്.
പാലാ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍-റോസ ദമ്പതിമാരുടെ മകനായി 1930 ഡിസംബര്‍ 13നായിരുന്നു ജനനം. പിന്നീട് ഇവരുടെ കുടുംബം കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടിയിലേക്കു കുടിയേറുക.യായിരുന്നു. 1956ല്‍ വൈദികനായി അഭിഷിക്തനായി. മാനന്തവാടി രൂപത രൂപീകൃതമായപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി ചുമതലയേറ്റു. പിന്നീട് താമരശേറി രൂപതാധ്യക്ഷനായെത്തി. 1995 ല്‍ തൃശൂര്‍ രൂപതാധ്യക്ഷനും 1997ല്‍ അതിരൂപതാധ്യക്ഷനുമായി. പത്തു വര്‍ഷം തൃശൂര്‍ രൂപതയെ നയിച്ചശേഷമാണ് വിശ്രമജീവിതത്തിലേക്കു തിരിയുന്നത്.