അയ്യപ്പസംഗമവുമായി മുന്നോട്ടു പോകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് ഏറെ ആശ്വാസം പകര്‍ന്നുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് സുപ്രീംകോടതിയുടെ അനുമതി. സെപ്റ്റംബര്‍ ഇരുപതിന് പമ്പാനദിയുടെ തീരത്താണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ഇതിനെതിരേ അയ്യപ്പവിശ്വാസിയായ പി എസ് മഹേന്ദ്രകുമാര്‍ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഗമത്തിനെതിരേ നേരത്തെ ഹൈക്കോടതിയിലും ഹര്‍ജി എത്തിയിരുന്നതാണ്. എന്നാല്‍ ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ച് അനുമതി നല്‍കുകയായിരുന്നു. അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ കേരള ഹൈക്കോടതി വിശദമായി കേള്‍ക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പരിപാടി നടത്തുന്നത്, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണങ്ങള്‍ നിലവിലുള്ള സ്ഥലമാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വാദങ്ങളും ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരന്റ് അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കര്‍ ഉന്നയിച്ചു.