കര്‍ണാടകയില്‍ ബാങ്ക് കൊള്ളയടിച്ച സംഘത്തിന്റെ കാര്‍ മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നു കിട്ടി. അന്വേഷണം ഊര്‍ജിതം

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ചടച്ചാന്‍ എന്ന പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ വന്‍കവര്‍ച്ച നടത്തിയ സംഘം മഹാരാഷ്ട്രയിലേക്കു രക്ഷപെട്ടിരിക്കാനാണ് സാധ്യതയെന്ന് പോലീസ്. ഇവര്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ ഒരു ഭാഗവും മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നു കണ്ടെടുത്തു. ഈ കേസിന്റെ അന്വേഷണത്തിനായി നാലു പ്രത്യേക അന്വേഷണസംഘങ്ങളെ രൂപീകരിച്ചിരിക്കുകയാണ് വിജയപുര പോലീസ്. സോലാപ്പൂരില്‍ നി്ന്നു ലഭിച്ച കാറിനെ അടിസ്ഥാനമാക്കിയാണിപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. കവര്‍ച്ചയ്ക്കു ശേഷം അതിവേഗം ഇവര്‍ പോകുകയായിരുന്ന കാര്‍ സോലാപ്പൂരിനടുത്തുവച്ച് റോഡിനു കുറുകെ പോകുകയായിരുന്ന ഒരു ആട്ടിന്‍കൂട്ടത്തെ ഇടിച്ചു തെറിപ്പിച്ചു. അതോടെ നാട്ടുകാരുമായി സംഘര്‍ഷമുണ്ടായതോടെ അധിക സമയം സ്ഥലത്തു തങ്ങാതെ കാറും ഒരു ഭാഗം സ്വര്‍ണവും അവിടെത്തന്നെ ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നു.
സ്‌റ്റേറ്റ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ താരകേശ്വര്‍ ഗംഗപ്പ വെങ്കിടേഷ് പോലീസില്‍ നല്കിയ പരാതി അനുസരിച്ച് ഇരുപത് കിലോഗ്രാം സ്വര്‍ണവും ഒന്നര കോടിയോളം രൂപയുമാണ് സംഘം കവര്‍ച്ചചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. വൈകുന്നേരം ബാങ്കിന്റെ ഇടപാട് സമയം കഴിയുന്ന സമയത്ത് ബാങ്ക് ജീവനക്കാരുടെയും അവിടെയുണ്ടായിരുന്ന നാലു കസ്റ്റമര്‍മാരുടെയും കൈകളും കാലുകളും നൈലോണ്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ കവര്‍ച്ച. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ളൊരു ഫോറം പാതി മാത്രം പൂരിപ്പിച്ചതുമായി ഒരാള്‍ ആദ്യം ബാങ്കിലേക്ക് കയറി വന്നു. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ മാനേജരുടെയും സ്്റ്റാഫിന്റെയും സഹായം തേടി. ശരിയായ വിധത്തില്‍ ഫോറം പൂരിപ്പിച്ച് പിറ്റേന്നു ബാങ്കിലേക്കു വരാന്‍ പറഞ്ഞ് ഇയാളെ സ്റ്റാഫ് മടക്കിയയച്ചു. ഇയാള്‍ പുറത്തേക്കു പോയി അല്‍പസമയം കഴിഞ്ഞപ്പോള്‍ മുഖംമൂടി ധരിച്ച് കൈയില്‍ തോക്കും വടിവാളുമായി മൂന്നുപേര്‍ ബാങ്കിലേക്കു കയറിവന്നു. ബാങ്കില്‍ അപ്പോഴുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെല്ലാം ഇവര്‍ക്കു കൈമാറാന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോഴാണ് അവരെയും ആ സമയം ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരെയും ബന്ധിക്കുന്നതും ലോക്കറിലുണ്ടായിരുന്ന സ്വര്‍ണവും ഇടപാടുകള്‍ക്കായി സൂക്ഷിച്ചിരുന്ന പണവും കൊള്ളയടിച്ചത്. വളരെ വേഗം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തെറ്റായ നമ്പര്‍ പ്ലേറ്റ് വച്ച കാറില്‍ ഇവര്‍ രക്ഷപെടുകയായിരുന്നു. അതേ കാര്‍ തന്നെയാണ് സോലാപ്പൂരില്‍ പിന്നീട് ഉപേക്ഷിതും.
കൊള്ളക്കാര്‍ ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നതെന്നും എല്ലാവരും മുപ്പതിനു താഴെ പ്രായം വരുന്നവരാണെന്നും ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തു. ഇവര്‍ കറുത്ത ടീഷര്‍ട്ടും പാന്റ്‌സും തൊപ്പിയും മുഖം മറയുന്ന മാസ്‌കും ധരിച്ചാണെത്തിയത്.