തൃശൂര്‍: ഓസ്ട്രേലിയയ്ക്കു സമീപമുള്ള സോളമന് ദ്വീപിലെ സ്റ്റാമ്പില്‍ ഇടം പിടിച്ചൊരു ഗ്രാമമുണ്ട് കേരളത്തില്‍. തൃശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ എന്ന ഗ്രാമമാണ് ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നത്. ഒരു ഗ്രാമം ഒന്നടങ്കം ചെസ് കളിയില്‍ ലഹരി കണ്ടെത്തിയതിന്റെ പേരിലാണ് ഈ നേട്ടം. കേരളത്തില്‍ സമ്പൂര്‍ണ ചെസ് സാക്ഷരത നേടിയ ഏക ഗ്രാമമാണിത്.
എന്നാല്‍ മരോട്ടിച്ചാല്‍ എന്ന ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ വലിയ നേട്ടമായത് ഒരു നാടിന്റെ മൊത്തം സ്വഭാവത്തെ മാറ്റാന്‍ ചെസിലൂടെ സാധിച്ചു എന്നതാണ്. ഇതിനു മുഴുവന്‍ പിന്നില്‍ ഒരു സാധാരണക്കാരനുണ്ട്. നാട്ടിലെ വെറുമൊരു ചായക്കടക്കാരന്. ഉണ്ണിമാമന് എന്നു നാട്ടുകാര്‍ മുഴുവന്‍ സ്നേഹത്തോടെ വിളിക്കുന്ന സി ഉണ്ണികൃഷ്ണന്. ഇദ്ദേഹത്തിന്റെ ചായക്കടയുടെ പേരുപോലും നാട്ടുകാരുടെ വിളിപ്പേരുമായി ബന്ധപ്പെട്ടതാണ്-ഉണ്ണിമാമന്സ് ഹോട്ടല്‍. ചായക്കട നടത്തി എന്നതല്ല ചാരായത്തെ പടിക്കു പുറത്താക്കി എന്നതാണ് ഉണ്ണിമാമന്റെ വിജയം. അതിന് ആയുധമാക്കിയത് ചെസ് കളിയും.
ഒരുകാലത്ത് മരോട്ടിച്ചാല്‍ അറിയപ്പെട്ടിരുന്നത് വ്യാജവാറ്റിന്റെ പേരിലായിരുന്നു. കുടില്‍ വ്യവസായം പോലെ ചാരായവാറ്റ് നടന്നിരുന്നപ്പോള്‍ അന്യനാടുകളില്‍ നിന്ന് ഇവിടേക്ക് ആള്ക്കാരെത്തിയിരുന്നത് നല്ല സൊയമ്പന്‍ സാധനം കുടിക്കുന്നതിനു മാത്രമായിരുന്നു. ഇപ്പോഴാകട്ടെ ചെസിലെ താരങ്ങളെ കാണാനും ചെസ് പഠിക്കാന്‍ കുട്ടികളെ ചേര്‍ക്കാനുമൊക്കെയാണ് അവരുടെ വരവ്. ചാരായത്തിനെതിരേയായിരുന്നു ഉണ്ണിമാമന്റെ ആദ്യത്തെ യുദ്ധം. നാടിന്റെ ദുഷ്പേര് മാറ്റാന്‍ പരമാവധി നാട്ടുകാരെ കൂട്ടി രംഗത്തിറങ്ങി. വാറ്റു പിടിക്കാന്‍ വരുന്ന പോലീസിനു കൂട്ടുപോയി. അങ്ങനെ ചാരായം പിടിക്കാനുള്ള പോക്കില്‍ രാത്രിയില്‍ ഉറക്കമിളച്ചിരിക്കുമ്പോള്‍ സമയം പോക്കാന്‍ തുടങ്ങിയതാണ് നാടിന്റെ ചെസ് കളി. പിന്നീട് നാടു മുഴുവന്‍ ചെസിലേക്കു തിരിയുകയായിരുന്നു. അങ്ങനെ ഉണ്ണിമാമനിലൂടെ നാട്ടിലെ ഭൂരിപക്ഷം പേരും ചെസ് കളിയില്‍ മാസ്റ്റര്‍മാരായി. ഇന്നിപ്പോള്‍ ഈ ഗ്രാമത്തിലാണ് അഖിലകേരള ചെസ് ടൂര്‍ണമെന്റ് പോലും നടക്കുന്നത്. ഇനി ഒരു ചെസ് അക്കാദമി കൂടി ഇവിടെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. ചാരായമാണെങ്കില്‍ പേരിനു പോലുമില്ല.
ഇന്നിപ്പോള്‍ ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങളില്‍ തിളങ്ങി നില്ക്കുന്ന ഗൗരിശങ്കര്‍ ജയരാജ് മരോട്ടിച്ചാലില്‍ നിന്നാണ് ചെസ് പഠിക്കുന്നതു തന്നെ. ഫിഡെ റേറ്റിങ് 2121 നേടിയ ഗൗരിശങ്കര്‍ ഇപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കോച്ചിംഗിന്റെ തിരക്കിലാണ്.
ചാരായത്തിനെതിരേ ഒന്നിച്ച മരോട്ടിച്ചാലിന്റെ മോചനത്തിനും പേരുദോഷം മാറ്റാനും വഴിയൊരുക്കിയത് ചെസ്

