വാന്‍കൂവര്‍: ഇന്ത്യയില്‍ നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സംഘടനയ്ക്കു വേണ്ടത്ര തണലൊരുക്കിയ കാനഡയ്ക്ക് തന്നെ ഇപ്പോള്‍ ഖലിസ്ഥാന്‍ തലവേദനയായി മാറുന്നു. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വളയുമെന്ന ഭീഷണിയുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന രംഗത്തെത്തിയിരിക്കുകയാണ്. നാളെ കോണ്‍സുലേറ്റിന്റെ നിയന്ത്രണം ഈ സംഘടന ഏറ്റെടുക്കുമെന്നാണ് ഭീഷണി. എന്തെങ്കിലും ആവശ്യത്തിനായി നാളെ കോണ്‍സുലേറ്റില്‍ എത്താന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ ഇന്ത്യക്കാര്‍ മറ്റൊരു ദിവസത്തേക്ക് തങ്ങളുടെ സന്ദര്‍ശനം മാറ്റി വയ്ക്കുന്നതായിരിക്കും നല്ലതെന്ന് ഖലിസ്ഥാന്‍ അനുകൂല നിലപാടുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നിര്‍ദേശിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടുകള്‍ സിഖുകാര്‍ക്ക് എതിരാണെന്ന ആരോപണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഭീഷണി. ഇതിനിടെ കഴിഞ്ഞ ദിവസം കാനഡയിലെ പരമോന്നത കോടതി സിഖുകാര്‍ക്ക് എതിരായ നിലപാടു സ്വീകരിച്ചതിനു പിന്നില്‍ കോണ്‍സുലേറ്റിന്റെ കടുത്ത നിലപാടും പ്രശ്‌നമായതായി ഇവര്‍ കരുതുന്നു. ദിനീഷ് പട്‌നായിക്ക് പുതിയ ഹൈക്കമ്മീഷണറായി വന്നതിനു ശേഷമാണ് സിഖുകാരുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. ഖലിസ്ഥാനെതിരായ ഉറച്ച നിലപാടുകളാണ് പട്‌നായിക്ക് എടുത്തു പോരുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതും ഖലിസ്ഥാന്‍ വാദികള്‍ക്കു തീരെ രസിക്കുന്നതല്ല. ഖലിസ്ഥാന്‍ വാദികള്‍ വലിയ താല്‍പര്യമെടുക്കുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട കേസിലും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കാലത്തേതു പോലെയുള്ള കടുത്ത നിലപാടുകള്‍ ഇപ്പോള്‍ കാനഡ സ്വീകരിക്കുന്നുമില്ല. ഈ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് അന്വേഷിക്കുമെന്ന് രണ്ടു വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നതാണെങ്കിലും ഇപ്പോള്‍ അക്കാര്യത്തിലും വേണ്ടത്ര താല്‍പര്യം കാനഡ കാട്ടുന്നില്ലെന്ന ആരോപണവും സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖലിസ്ഥാന്‍ ജനഹിത പരിശോധനയ്ക്കു നേതൃത്വം കൊടുക്കുന്നവരെ കോണ്‍സുലേറ്റ് കര്‍ശനമായി നിയന്ത്രിക്കുന്നതും തീവ്രവാദ സംഘടനകള്‍ക്കു ദഹിക്കുന്നില്ല.
കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നാളെ പിടിച്ചെടുക്കുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണി.

