ശബരിമലയിലെ സ്വര്‍ണപ്പാളി കേസ്, കൃത്യമായ കണക്കുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിനു നിര്‍ദേശം

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഹൈക്കോടതി. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് കൂടുതലായി വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴുമുള്ള തൂക്കത്തിലെ വ്യത്യാസത്തിലും ദ്വാരപാലക ശില്‍പങ്ങള്‍ ഉറപ്പിച്ചിരുന്ന പീഠങ്ങള്‍ സംബന്ധിച്ച കാര്യത്തിലുമാണ് കൂടുതല്‍ വ്യക്തത തേടി ഹൈക്കോടതിയുടെ ഇടപെടല്‍. ഇക്കാര്യങ്ങളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചെടുത്ത് കോടതിയുടെ അനുമതിയില്ലാതെ ചെന്നൈയ്ക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
2019ല്‍ സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് എടുത്തുകൊണ്ടു പോയപ്പോള്‍ 42 കിലോഗ്രാം തൂക്കമാണുണ്ടായിരുന്നത്. എന്നാല്‍ തിരികെയെത്തിച്ചപ്പോള്‍ തൂക്കത്തില്‍ കുറവുണ്ടായിട്ടുണ്ട്. നാലു കിലോഗ്രാമോളമാണ് തൂക്കം കുറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിലാണ് കോടതി സംശയം ഉന്നയിച്ചത്. സ്വര്‍ണപ്പാളികള്‍ തിരികെ സന്നിധാനത്ത് എത്തിച്ചപ്പോള്‍ എന്തുകൊണ്ടാണ് തൂക്കം പരിശോധിക്കാതിരുന്നതെന്നും കോടതി ആരായുകയുണ്ടായി.
അതിനിടെ മറ്റൊരു വഴിത്തിരിവായി സ്വര്‍ണപ്പാളികളുടെ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഏതാനും വെളിപ്പെടുത്തലുകളും ഇന്നുണ്ടായി. സ്വര്‍ണപ്പാളികള്‍ക്കു പുറമെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് മറ്റൊരു പീഠം കൂടി നിര്‍മിച്ചു നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനായി മൂന്നു പവന്‍ സ്വര്‍ണമായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയ സാഹചര്യത്തിലാണ് രണ്ടാമതൊരു പീഠം കൂടി നിര്‍മിക്കേണ്ടി വന്നത്. ആ പീഠം എവിടെയാണിപ്പോള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍. ആ പീഠത്തിന്റെ കാര്യത്തിലും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.