റീട്ടെയ്ല്‍ കടകളില്‍ നിന്നു മദ്യമോഷണം വ്യാപകമാകുന്നു, വര്‍ധനയുണ്ടായത് 141 ശതമാനം

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ മദ്യശാലകളുടെ ഏറ്റവും വലിയ പ്രശ്‌നമായി കുപ്പി മോഷണം മാറുന്നു. മദ്യത്തിന്റെ റീട്ടെയില്‍ കടകളിലാണ് തക്കവും തരവും നോക്കിയുള്ള മോഷണം പെരുകിയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് റീട്ടെയില്‍ ഷോപ്പുകളില്‍ നിന്നുള്ള മദ്യമോഷണത്തില്‍ 141 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2015-16ല്‍ ഒരു വര്‍ഷം 2910 കുപ്പി മദ്യമായിരുന്നു മോഷ്ടക്കപ്പെട്ടിരുന്നതെങ്കില്‍ 2024-25ല്‍ 7003 കുപ്പിയായാണ് ഉയര്‍ന്നത്. ഇതു മുഴുവന്‍ പ്രീമിയം നിലവാരത്തിലുള്ള മദ്യം മാത്രമായതിനാല്‍ മോഷണം വഴിയുള്ള സാമ്പത്തിക നഷ്ടവും ഏറുന്നു. ഓരോ ദിവസവും ശരാശരി 19 കുപ്പി മദ്യമാണ് മോഷ്ടിക്കപ്പെടുന്നത്. ഓരോ കുപ്പിയുടെയും ശരാശരി വിലയാകട്ടെ 102 ഡോളറും. കുപ്പി കള്ളന്‍മാര്‍ക്ക് ആകെ വേണ്ടത് മുന്തിയ ഇനം വിസ്‌കിയും ബൂര്‍ബോണുമൊക്കെയാണ്.
സംസ്ഥാനത്തെ പകുതിയോളം മദ്യറീട്ടെയില്‍ കടകളിലും മോഷണത്തിനു പുറമെ സുരക്ഷാ ഭീഷണിയും വ്യാപകമാണെന്ന് നാഷണല്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാത്തരത്തിലുള്ള റീട്ടെയില്‍ കടകളിലെ മോഷണത്തിന്റെയും കണക്കു വച്ചു നോക്കിയാല്‍ മറ്റു കടകളില്‍ മോഷണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് വരുന്നതെങ്കില്‍ മദ്യറീട്ടെയ്ല്‍ കടകളില്‍ ഇത് 141 ശതമാനമാണ്.
റീട്ടെയ്ല്‍ മദ്യക്കടകള്‍ ക്രിമിനല്‍ സംഘങ്ങളുടെ ഇടപെടലിന്റെയും കടന്നുകയറ്റത്തിന്റെയും സുരക്ഷാഭീഷണിയുടെയും നടുവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റീട്ടെയ്ല്‍ ഡിങ്ക്‌സ് ഓസ്‌ട്രേലിയ എന്ന വ്യാപാരി സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടിവ് മൈക്കിള്‍ വാട്ടേഴ്‌സ് പറയുന്നു. മറ്റു റീട്ടെയ്ല്‍ മേഖലകളെ അപേക്ഷിച്ച് റീട്ടെയ്ല്‍ മദ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുന്നതിന്റെ കാരണം ഇവിടെ വില്‍ക്കുന്ന വസ്തുക്കള്‍ കൂടിയ മൂല്യത്തിലുള്ളതാണെന്നതു കൂടിയാണ്. അതുപോലെ മോഷ്ടിക്കുന്ന സാധനങ്ങള്‍ കടത്തുന്നതും മറിച്ചു വില്‍ക്കുന്നതുമൊക്കെ എളുപ്പവുമാണ്. ഇതിനെതിരേ ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.