ഹൈദരാബാദ്: എണ്ണമില്ലാത്തത്ര കുഞ്ഞുങ്ങളോടു കാട്ടിയ കരുണയുടെ പേരില്‍ നാടെമ്പാടും നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. കഴിഞ്ഞ ഏപ്രിലില്‍ ജ്വാലയുടെയും നടനായ ഭര്‍ത്താവ് വിഷ്ണുവിന്റെയും ജീവിതത്തിലേക്ക് ഒരു കണ്‍മണി കടന്നെത്തിയതു മുതല്‍ കരുണ ചുരത്തുകയാണ് ജ്വാല. സ്ഥലത്തെ ആശുപത്രികളില്‍ മുലപ്പാല്‍ ക്ഷാമം നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായി സ്വന്തം പാല്‍ നല്‍കുകയാണിവര്‍. ഏപ്രില്‍ മുതല്‍ ഇതുവരെ മുപ്പതു ലിറ്റര്‍ മുലപ്പാലാണത്രേ ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്കായി ഈ അമ്മ നല്‍കിയത്. എന്നു മാത്രമല്ല മുലപ്പാല്‍ ദാനത്തിന്റെ പ്രചാരക കൂടിയായി ഇവര്‍ മാറിയിരിക്കുകയാണ്. ജ്വാലയുടെ ആഹ്വാനം കേട്ട് അനവധി അമ്മമാരാണ് മുലപ്പാല്‍ കറന്നു നല്‍കാന്‍ തയാറായി മുന്നോട്ടു വരുന്നത്.
മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും രോഗികളായ അമ്മമാര്‍ക്കു പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കും ശാരീരികമായ പ്രത്യേകതകള്‍ കൊണ്ടു മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത അമ്മമാരുടെ കുട്ടികള്‍ക്കുമൊക്കെയാണ് ജ്വാല സ്ഥിരമായി മുലപ്പാല്‍ നല്‍കിപ്പോരുന്നത്. ഇത്തരക്കാര്‍ കൂടുതലും ഗവണ്‍മെന്റ് ആശുപത്രികളില്‍ ആയതിനാല്‍ ജ്വാലയുടെ സേവനത്തിന്റെ വേദിയും പാവപ്പെട്ടവര്‍ ധാരാളമായി എത്തുന്ന സര്‍ക്കാര്‍ ആശുപത്രികളാണ്. മുലപ്പാല്‍ ജീവനുകളെ സംരക്ഷിക്കുന്നു. നിങ്ങള്‍ക്കു ദാനം ചെയ്യാന്‍ വേണ്ട മനസുണ്ടെങ്കില്‍ നിങ്ങളുടെ പാല്‍ ആവശ്യമായ ധാരാളം കുഞ്ഞുങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇതാണ് തന്റെ കാംപെയ്‌ന്റെ പ്രചാരണത്തിനായി ജ്വാല പറയുന്നത്.
ചോരച്ചുണ്ടുകളില്‍ പകരാന്‍ കായിക താരം ജ്വാല ഗുട്ട നല്‍കിയത് മുപ്പതു ലിറ്റര്‍ മുലപ്പാല്‍

