ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസിയായ പി എസ് മഹേന്ദ്രകുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. അതേസമയം ഈ കേസില്‍ തടസ ഹര്‍ജിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. അയ്യപ്പ സംഗമം സ്റ്റേചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയാറാകണമെന്നാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി എസ് സുധീര്‍ മുഖേന ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. കേസില്‍ ഭരണഘടനാ വിദഗ്ധരെ ഹാജരാക്കാനും ബോര്‍ഡ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇതോടെ അയ്യപ്പ സംഗമം ഹൈക്കോടതിയുടെ കടമ്പ കടന്നെങ്കിലും അനിശ്ചതത്വത്തിലായിരിക്കുകയാണ്. അയ്യപ്പസംഗമത്തെ പിന്തുണച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലെത്താനിടയുണ്ട്. എന്നാല്‍ ഇതുവരെ തടസഹര്‍ജി ഫയല്‍ ചെയ്തിട്ടില്ല. പകരം കക്ഷിചേരാനായിരിക്കും സര്‍ക്കാരിന്റെ തീരുമാനം.
അതേ സമയം അയ്യപ്പസംഗമത്തെ സംബന്ധിച്ച ഹര്‍ജി ഇന്നു പരിഗണനയ്‌ക്കെടുത്തപ്പോഴേ ഇത് എന്താണെന്നു സുപ്രീംകോടതി ആരായുകയുണ്ടായി. മഹേന്ദ്രകുമാറിന്റെ അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കറിനോടാണ് സുപീം കോടതി ഇക്കാര്യം ചോദിച്ചത്. അടിയന്തരമായി ഈ ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എം എസ് ചന്ദുര്‍കര്‍ എന്നിവടങ്ങിയ ബഞിലാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചത്. പരിസ്ഥിതി ലോല പ്രദേശമായ പമ്പാ നദിയുടെ തീരത്താണ് പരിപാടി നടക്കുന്നതെന്നും ഇത് ദേശീയ ഹരിത ട്രൈബ്യൂണല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേവസ്വം ബോര്‍ഡ് ജനങ്ങളുടെ പണം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയാണെന്നും അപ്പോള്‍ അഡ്വ. വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതിനു ശേഷം ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ജസ്റ്റിസ് വിനോദ് ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹര്‍ജി നാളെ പരിഗണിക്കുന്നതിനു തീരുമാനിക്കുന്നത്.
അയ്യപ്പസംഗമത്തിനെതിരായ ഹര്‍ജി നാളെ പരിഗണിക്കും. തടസ ഹര്‍ജിയുമായി ബോര്‍ഡ്

