വഖഫ് നിയമത്തില്‍ കേന്ദം കൊണ്ടുവന്ന ഭേദഗതികള്‍ക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്‌റ്റേ

ന്യൂഡല്‍ഹി: വഖഫ് നിയമങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന ഭേദഗതികള്‍ സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു.
നിയമവുമായി ബന്ധപ്പെട്ട രണ്ടു വിവാദ ഭാഗങ്ങളാണ് ഇന്നലെ ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി സ്‌റ്റേചെയ്തത്. വഖഫ് സമര്‍പ്പണത്തെ സംബന്ധി്ക്കുന്ന ഭാഗത്തിനാണ് സ്റ്റേ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ഭൂമി വഖഫ് ചെയ്തു കൊടുക്കുന്നയാള്‍ അഞ്ചു വര്‍ഷമായി ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാള്‍ ആയിരിക്കണമെന്ന വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ സ്‌റ്റേയ്ക്കു വിധേയമായിരിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയമങ്ങള്‍ പാസാക്കുന്നതു വരെയും ഈ സ്റ്റേക്കു പ്രാബല്യമുണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്കായിരിക്കും ഈ വ്യവസ്ഥ നയിക്കുകയെന്ന് കോടതി വ്യക്തമാക്കി. വഖഫ് സ്വത്തില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥയും തര്‍ക്കം തീര്‍പ്പാക്കാന്‍ സ്ഥലത്തെ കളക്ടര്‍ക്ക് ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന വ്യവസ്ഥയും സ്‌റ്റേ ചെയ്യപ്പെട്ടു. ഇത് അധികാര വിഭജനത്തിന്റെ പ്രശ്‌നം ഉള്‍ക്കൊള്ളുന്നാതാണെന്ന നിരീക്ഷണമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പൗരന്‍മാരുടെ വ്യക്തിപരമായ അവകാശങ്ങള്‍ വിധിക്കാന്‍ കളക്ടര്‍ക്ക് അധികാരം അനുവദിക്കാനാവില്ലെന്നാണ് ഇതു സംബന്ധിച്ച് കോടതിയുടെ നിരീക്ഷണം. തര്‍ക്ക പ്രദേശങ്ങളില്‍ കളക്ടര്‍ നിയോഗിക്കുന്ന ടീം അന്വേഷണം ആരംഭിച്ചാല്‍ അപ്പോള്‍ തന്നെ ഭൂമി വഖഫ് അല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വഖഫ് ബോര്‍ഡുകളില്‍ അമുസ്ലിങ്ങളായ അംഗങ്ങളെ നിയമിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായില്ല. ഈ വ്യവസ്ഥയും മുസ്ലീം സംഘടനകളില്‍ നിന്ന് ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയതായിരുന്നു. എന്നാല്‍ കേന്ദ്ര വഖഫ് ബോര്‍ഡില്‍ നാലും സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ മൂന്നും അമുസ്ലീംകളില്‍ കൂടുതല്‍ പാടില്ലെന്നു കോടതി വ്യക്തമാക്കി. ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ ആംഗം മുസ്ലിമായിരിക്കണമെന്നു സുപ്രീം കോടതി പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.