വയലിനില്‍ നാദലോകങ്ങള്‍ കീഴടക്കുന്ന ഗംഗക്കുട്ടി സിഡ്‌നിയില്‍, ഒക്ടോബര്‍ 26ന്

സിഡ്‌നി: ഗംഗക്കുട്ടി എന്ന പേരില്‍ സംഗീതത്തിന്റെ ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന ബാലപ്രതിഭ ഗംഗ ശശിധരന്‍ ഫ്യൂഷന്‍ വയലിന്‍ കച്ചേരിയുമായി ന്യൂ സൗത്ത് വെയില്‍സിലെ ബ്ലാക്ക്ടൗണില്‍ ഒക്ടോബര്‍ 26ന് എത്തും. ഗംഗാതരംഗം എന്നു പേരിട്ടിരിക്കുന്ന അതുല്യ സംഗീത വിരുന്ന് ഓസ്‌ട്രേലിയയ്ക്കു പുതിയൊരു അനുഭവമാകുമെന്ന് പരിപാടിയുടെ സംഘാടകരായ ഒഎച്ച്എം ഇവന്റ്‌സ് അറിയിച്ചു.
കേരളത്തിലെ ഗുരുവായൂരില്‍ ജനിച്ച് മലപ്പുറം ജില്ലയിലെ വെളിയന്‍കോട് താമസിക്കുന്ന ഗംഗയ്ക്ക് പന്ത്രണ്ടു വയസാണ് പ്രായമെങ്കിലും സംഗീത ലോകത്ത് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത രീതിയില്‍ സ്വന്തം പ്രതിഭ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംഗീത പുരസ്‌കാരങ്ങളിലൊന്നായ ഷണ്‍മുഖാനന്ദ ഭാരതരത്‌ന ഡോ. എം എസ് സുബ്ബുലക്ഷ്മി ഫെലോഷിപ്പിന് അര്‍ഹയായ ഗംഗ ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരി കൂടിയാണ്. ഈ അംഗീകാരം ഗംഗയ്ക്ക് കൈമാറിയതാകട്ടെ രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ ഓടക്കുഴല്‍ വാദകന്‍ പത്മവിഭൂഷണ്‍ ഹരിപ്രസാദ് ചൗരസ്യയും.


വയലിനാണ് ഗംഗക്കുട്ടിയുടെ ലോകം. എത്രയോ ആണ്ടുകള്‍ കൊണ്ടു മാത്രം വയലിനുമായി സമതാളത്തിലാകുന്ന പ്രതിഭകളേ സംഗീത ലോകത്തുള്ളൂ. എന്നിട്ടും നാലാം വയസില്‍ വയലിനില്‍ സ്വന്തം ലോകം തീര്‍ത്ത ഗംഗ രാജ്യത്തിനു തന്നെ അത്ഭുതവും അഭിമാനവുമാണ്. മറ്റു പഠിതാക്കള്‍ വയലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ സ്വന്തമായി കച്ചേരികള്‍ തന്നെ നടത്തിയതാണ് ഗംഗയുടെ ട്രാക്ക് റെക്കോഡ്. ഇതിനു കാരണം ഒന്നേയുള്ളൂ, ഗംഗയ്ക്ക് നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന വയലിന്‍ സ്വന്തം ശരീരത്തിന്റെയും ജീവിതത്തിന്റെയും ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്നു.
അമ്മ കൃഷ്ണവേണി വയലിന്‍ വായിക്കുന്നതു കേട്ട് പിച്ച വച്ച ഗംഗയ്ക്ക് ആ അര്‍ഥത്തില്‍ വയലിന്‍ ചോരയില്‍ തന്നെ ലഭിക്കുകയായിരുന്നു. താരാട്ടു പാട്ടിനു പകരം കേട്ടതു മുഴുവന്‍ ബാലഭാസ്‌കറുടെ വയലിന്‍ കച്ചേരികളായിരുന്നു. നാലാം വയസില്‍ അ്മ്മയോട് ആവശ്യപ്പെട്ടത് വയലിന്‍ പഠിക്കണമെന്ന്.

അന്നു തുടങ്ങി വയലിന്റെ വഴിയില്‍ മാത്രമാണ് ഈ ബാലികയുടെ സഞ്ചാരം മുഴുവന്‍. ഇന്നു ലോകമെമ്പാടുമെത്തുന്നതും വയലിനില്‍ മാത്രം സ്വയം അര്‍പ്പിച്ചുകൊണ്ട്.
ഗംഗക്കുട്ടിയുടെ വയലിന്‍ കച്ചേരികള്‍ അതിന്റെ സ്വന്തം വൈബ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക രീതിയിലാണെന്നു പറയാം. കച്ചേരി തുടങ്ങുമ്പോള്‍ മുതല്‍ കാണികളുമായി ഒരു തരം വൈകാരിക ബന്ധമാണ് സ്ഥാപിക്കപ്പെടുന്നത്. ഇതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പോലും ഈ കച്ചേരികള്‍ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ കീര്‍ത്തനങ്ങളും ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളുമായി നൂറിലധികമെണ്ണമാണ് ഗംഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി എത്ര കച്ചേരികളില്‍ ഇതുവരെ പോയിരിക്കുന്നു എന്നതിനു കണക്കില്ല. എവിടെ ചെന്നാലും കാണികള്‍ ഗംഗയെ ഏറ്റെടുക്കുകയാണ്.
തന്റെ സംഗീത സഞ്ചാരങ്ങളുടെ വഴിയില്‍ ഓസ്‌ട്രേലിയ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗംഗ ഇപ്പോള്‍. ഇനി കൗണ്ട്ഡൗണോടെ ഓസ്‌ട്രേലിയ ഈ സംഗീത വിരുന്നിനായി കാത്തിരിക്കുന്ന നാളുകളാണ്. ഒക്ടോബര്‍ 26ന് വൈകുന്നേരം അഞ്ചിന് ബ്ലാക്ക് ടൗണ്‍ കാംപ്ബല്‍ സ്ട്രീറ്റിലെ ബൗമാന്‍ ഹാളിലാണ് ഗംഗക്കുട്ടിയുടെ സംഗീത മഴ പെയ്തിറങ്ങുക.