തൃശൂര്‍: കേരളം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെ മര്‍ദനങ്ങളെപ്പറ്റി ഇത്രയേറെ ചര്‍ച്ച ചെയ്യുന്നതിനു പിന്നില്‍ കണ്ണുകളില്‍ നനവോടെ മാത്രം എല്ലാവരും പറയുന്നൊരു പേര് വി എസ് സുജിത്തിന്റെയാണ്. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായ പോലീസ് മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് സുജിത്. ഇന്നു വീണ്ടും സുജിത്ത് ക്യാമറകള്‍ക്കു മുന്നിലേക്കു വരുന്നു. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഇന്ന് സാഫല്യം ലഭിക്കുകയാണ്. പുതുശേരി സ്വദേശി തൃഷ്ണയുമൊത്ത് ഇന്നു രാവിലെ ഏഴു കഴിഞ്ഞപ്പോള്‍ ഗുരുവായൂര്‍ അമ്പല നടയില്‍ സുജിത് ദാമ്പത്യത്തിലേക്കു പ്രവേശിച്ചു.
നവ ദമ്പതിമാര്ക്ക്ു പുതുജീവിതത്തിലേക്ക് ഭാവുകങ്ങള്‍ നേരുന്നതിനായി കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യം ശ്രദ്ധേയമായി. വിവാഹശേഷം നവദമ്പതിമാര്‍ കാണിക്കയിട്ടത് യുഎഇ ദിര്‍ഹമാണ്. ഇതു കൈമാറിയതാകട്ടെ സുജിത്തിന്റെ സുഹൃത്തും ഇന്‍കാസ് സംസ്ഥാന സെക്രട്ടറിയുമായ ടി. സാദിഖ് അലി. വിവാഹത്തിനു മുമ്പു തന്നെ വിവാഹ സമ്മാനങ്ങള്‍ ലഭിച്ച അനുഭവവും സുജിത്തിനുള്ളതാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഒരു മോതിരം അണിയിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രണ്ടു പവന്റെ മാലയാണ് സമ്മാനിച്ചത്. കെപിസിസിയുടെ മുന്‍ പ്രസിഡന്റുമാരായ വി എം സുധീരന്, കെ മുരളീധരന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംപി തുടങ്ങിയവരും ആശംസകളറിയിച്ച് എത്തിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മറ്റു പല നേതാക്കന്മാര്ക്കും എത്തിച്ചേരാനായില്ല.
കസ്റ്റഡി മര്‍ദനത്തിനെതിരേ നാടിനെയുണര്ത്തിയ സുജിത്തിന് ഇനി സ്നേഹത്തിന്റെ ബന്ധനം

