ഹണിട്രാപ്പ് മോഡല്‍ മര്‍ദനം, പ്രതികളുടെ നിസഹകരണം പോലീസിനു വെല്ലുവിളി

പത്തനംതിട്ട: ഹണിട്രാപ്പ് മോഡല്‍ മര്‍ദനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണെങ്കിലും പ്രതികളുടെ പൂര്‍ണ നിസഹകരണമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളി. ഇവര്‍ ചോദ്യങ്ങ്‌ളോടു കാര്യമായി പ്രതികരിക്കാതെ പൂര്‍ണമായി നിര്‍വികാരാവസ്ഥയിലാണെന്ന് പറയപ്പെടുന്നു. ഇവരില്‍ നിന്നു വേണം മര്‍ദനത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിക്കാന്‍. അതിനിടെ മര്‍ദനത്തിന്റെ ഇരകളായ രണ്ടു യുവാക്കളെയും വിളിച്ചുവരുത്തി കൂടുതല്‍ ആരായാനും അതിന്റെ വെളിച്ചത്തില്‍ പ്രതികളോടു സംസാരിക്കാനുമാണ് പോലീസിന്റെ തീരുമാനം. പ്രതികളായ ജയേഷിനെയും രശ്മിയെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനും ഇതിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമെന്നറിയുന്നു.
ഇതിനിടെ പ്രതികളിലൊരാളായ രശ്മിയുടെ ഫോണില്‍ നിന്ന് വളരെ നിര്‍ണായകമായ ഏതാനും വീഡിയോകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അതിലൊന്നില്‍ രശ്മി പൂര്‍ണ നഗ്നയായി ആലപ്പുഴക്കാരനായ യുവാവിനൊപ്പം നില്‍ക്കുന്നതുമുണ്ട്. മറ്റൊരു വീഡിയോയില്‍ റാന്നി അത്തിക്കയം സ്വദേശിയായ യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ബാക്കി വീഡിയോ ക്ലിപ്പുകളെല്ലാം ജയേഷിന്റെ ഫോണിലാണുള്ളത്. അത് രഹസ്യ ഫോള്‍ഡറിലാക്കി പാസ്വേഡ് വച്ചു സംരക്ഷിച്ചിരിക്കുകയാണ്. അത്ു തുറന്നു കിട്ടിയാലേ കൂടുതല്‍ അന്വേഷണത്തിലേക്കു പോലീസിനു കടക്കാനാവൂ. ഇരകളായി രണ്ടു പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നതെങ്കിലും ഇതിലധികം ആള്‍ക്കാര്‍ക്ക് സമാന പീഡനം നേരിടേണ്ടതായി വന്നുവെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്.
നിലവില്‍ ഇരകളായ രണ്ടു പേരും ബംഗളൂരുവില്‍ ഒരു ക്രഷര്‍ കമ്പനിയില്‍ ജയേഷ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒപ്പം ജോലി ചെയ്തിരുന്നവരാണ്. ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍, റാന്നി അത്തിക്കയം സ്വദേശിയായ ഇരുപത്തൊമ്പതുകാരന്‍ എന്നിവരാണ് നിലവില്‍ ഇരകളായി പോലീസിന്റെ പട്ടികയിലുള്ളത്.