ഏഷ്യ കപ്പ്, ഇന്ത്യയുമായുള്ള ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് ദയനീയ തോല്‍പി

ദുബായ്: ഏഷ്യ കപ്പില്‍ പാക്കിസ്ഥാനുമായുള്ള ലീഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. 15.5 ഓവറില്‍ ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യമായ 128 റണ്‍സ് അടിച്ചെടുത്തു. ഇതിലും വലിയൊരു വിജയലക്ഷ്യം ഇന്ത്യയ്ക്കായി കുറിക്കാന്‍ പാക്കിസ്ഥാന് അവസരം കൊടുക്കാതെ അവരുടെ ബാറ്റിങ്ങ് നിരയെ ആദ്യമേ എറിഞ്ഞു തകര്‍ക്കുക കൂടി ചെയ്തിരുന്നുവെന്നു പറയുമ്പോഴാണ് മത്സരം എത്ര ഏകപക്ഷീയമായിരുന്നുവെന്നു മനസിലാകുന്നത്.
ഇതിലും ദയനീയമായ പരാജയം സ്വപ്‌നങ്ങളില്‍ മാത്രം എന്നു പറയാനാവില്ലായിരിക്കും, എങ്കില്‍ കൂടി ഏഷ്യകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ പാക്കിസ്ഥാന്റെ തോല്‍വിയെ ദയനീയം എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. ഇതോ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം എന്നു ചില മാധ്യമങ്ങള്‍ വരെ പാടിപ്പുകഴ്ത്തിയ മത്സരം. ഏറിലും അടിയിലും ഒരു പോലെ പൊളിഞ്ഞൊരു ടീമായി പാക്കിസ്ഥാന്‍ എങ്ങനെ മാറിയെന്ന് ആരും സംശയിച്ചു പോകും. രാഷ്ട്രീയരംഗത്തെ അകലം ക്രിക്കറ്റിലേക്കും കയറി വരുന്നതിന്റെ സൂചനയെന്നോണം കളി കഴിഞ്ഞ് പാക് ടീമിനു കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ കളം വിടുകയും ചെയ്തു.
37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.കളിയുടെ തുടക്കം മുതല്‍ ഇന്ത്യ നിറഞ്ഞു കളിക്കുകയായിരുന്നുവെന്നു മാത്രമല്ല, ഇന്ത്യയുടെ നിറഞ്ഞ ആധിപത്യവുമായിരുന്നു. പാക്കിസ്ഥാന്‍ ബാറ്റിങ്ങിലായിരുന്നപ്പോള്‍ ആദ്യ ഓവറിലെ നിയമപരമായി ശരിയെന്നു വിളിച്ച ആദ്യ പന്തില്‍ തന്നെ പാക്കിസ്ഥാന്റെ ഒന്നാം വിക്കറ്റ് വീണു. അതുപോലെ പാക്കിസ്ഥാന്‍ ബൗളിങ്ങില്‍ വന്നപ്പോള്‍ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ അഭിഷേക് ശര്‍മ ബൗണ്ടറിയടിച്ചു. രണ്ടാം പന്തില്‍ സിക്‌സും. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിനു തെളിവായി ഈ രണ്ടു കാര്യങ്ങള്‍ മതിയാകുമല്ലോ.