കുടിയേറ്റത്തിനെതിരേ ലണ്ടന്‍ ഇളകിമറിഞ്ഞു, തീവ്ര വലതുപക്ഷം അഴിഞ്ഞാടി

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ അക്ഷരാര്‍ഥത്തില്‍ വിഴുങ്ങിയ പ്രതിഷേധ സൂനാമിക്കാണ് ശനിയാഴ്ച നടന്ന ആന്റി ഇമിഗ്രേഷന്‍ റാലി ഇടയാക്കിയത്. രാജ്യത്തെ കുടിയേറ്റക്കാരില്‍ നിന്നു വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി നടന്ന റാലിയില്‍ ഒന്നരലക്ഷത്തോളം ആള്‍ക്കാര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തീവ്ര വലതുപക്ഷ നേതാവ് ടോമ്മി റോബന്‍സന്റെ നേതൃത്തില്‍ നടന്ന റാലി കുടിയേറ്റത്തോടു ബ്രിട്ടീഷ് ജനതയുടെ കടുത്ത എതിര്‍പ്പ് തെളിയിക്കുന്നതായി. മധ്യ ലണ്ടനില്‍ നടന്ന പ്രധാന പ്രതിഷേധ റാലിക്കു പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുറാലികളും ധാരാളമായിരുന്നു. ഇംഗ്ലണ്ടിന്റെ സംരക്ഷകനെന്നു വിശേഷിപ്പിക്കപ്പെടുന്ന സെന്റ് ജോര്‍ജിന്റെ ചുവപ്പും വെളുപ്പും നിറത്തിലുള്ള പതാകയും ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയന്‍ ജാക്കുമായി പ്രകടനത്തില്‍ അണിനിരന്നവര്‍ വിളിച്ചതത്രയും കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങള്‍. അവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് തങ്ങള്‍ക്കു സ്വന്തം രാജ്യം തിരികെ വേണമെന്ന്.
കഴിഞ്ഞ ഒരാഴ്ചയായി ഇംഗ്ലണ്ടിലെങ്ങും കുടിയേറ്റം മാത്രമായിരുന്നു എല്ലാ പൊതുമണ്ഡലങ്ങളിലും ചര്‍ച്ചാവിഷയം. ചെറിയ ബോട്ടുകളില്‍ കുടിയേറ്റക്കാരായ ആള്‍ക്കാര്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തിറങ്ങുന്നുവെന്ന പ്രചാരണം എങ്ങും വ്യാപകമായിരുന്നു. അതിന്റെ കൂടി ധ്വനികള്‍ ഉള്‍ക്കൊണ്ട് ‘ബോട്ടുകള്‍ തടയുക, അവരെ സ്വന്തം വീടുകളിലേക്കു തിരിച്ചുവിടുക, വന്നതൊക്കെ വന്നു, ഇനിയൊന്നും വേണ്ട, ഞങ്ങളുടെ മക്കളെ രക്ഷിക്കുക’ തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കൈകളിലേന്തിയിരുന്നത്.
പരിപാടിയുടെ സംഘാടകനായ റോബിന്‍സനും പ്രധാന പ്രാസംഗികനായ ഇലോണ്‍ മസ്‌കും അത്യന്തം വൈകാരികമായ ഭാഷയില്‍ തന്നെ ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രസംഗമാണ് നടത്തിയത്. വമ്പന്‍ പകരം വയ്പ് (Great Replacemetn) എന്നതായിരുന്നു ഇരുവര്‍ക്കും ജനങ്ങളോടു പറയാനുണ്ടായിരുന്നത്. അനിയന്ത്രിതമായ കുടിയേറ്റം നിമിത്തം ബ്രിട്ടന്‍ നശിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രഖ്യാപനം ഇവരില്‍ നിന്നു വരുമ്പോള്‍ ഏറെ ആവേശത്തോടെയാണതു ജനങ്ങള്‍ സ്വീകരിച്ചത്. പരിപാടിക്കിടെ ആലപിച്ചൊരു ഗാനത്തില്‍ പറഞ്ഞതാണെങ്കില്‍ പടിഞ്ഞാറിനെ ഇപ്പോള്‍ കണ്ടാല്‍ മധ്യേഷ്യ പോലെയാണെന്ന്. ചിലര്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും പാലസ്തീനിന്റെയും പതാകകളുമായി വന്നശേഷം അവ നടുവെ കീറി വലിച്ചെറിഞ്ഞു.
ഈ പ്രതിഷേധം ബ്രിട്ടനുള്ള ഉണര്‍ത്തുവിളിയാണെന്ന പ്രഖ്യാപനമാണ് ടോമ്മി റോബിന്‍സണ്‍ നടത്തിയത്. അവസാനം ബ്രിട്ടന്‍ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. ഇനി ഇത് ഉറങ്ങാന്‍ പോകുന്നില്ല. ഇതു നമ്മുടെ സമയമാണ്. ഇത് ബ്രിട്ടനിലെ സാംസ്‌കാരിക വിപ്ലവമാണ്.ഇത് രാജ്യസ്‌നേഹത്തിന്റെ വേലിയേറ്റമാണ്. റോബിന്‍സണ്‍ പ്രഖ്യാപിച്ചു. ടെസ്ല സിഇഓ ഇലോണ്‍ മസ്‌ക് വീഡിയോ ലിങ്കി മുഖേനയാണ് ചടങ്ങില്‍ പ്രസംഗിച്ചത്. നിങ്ങള്‍ അക്രമത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും അക്രമം നിങ്ങളിലേക്ക് എത്തുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ഇപ്പോള്‍ പോരാടണം, അല്ലെങ്കില്‍ നിങ്ങള്‍ മരിക്കണം. ഇതാണവസ്ഥ. മസ്‌ക് പ്രഖ്യാപിച്ചു.
ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് എറിക് സെമ്മൂറും പരിപാടിയില്‍ പങ്കെടുത്തു. നമ്മുടെയാള്‍ക്കാരുടെ സ്വാതന്ത്ര്യം ഇപ്പോള്‍ അപകടത്തിലായിരിക്കുന്നതായി അദ്ദേഹവും പറഞ്ഞു. നമ്മള്‍ പണ്ടു കോളനികളാക്കിയിരുന്ന സ്ഥലങ്ങളില്‍ നിന്നുവന്ന് നമ്മെ ഇപ്പോള്‍ കോളനികളാക്കിയിരിക്കുന്നു. എറിക് നീണ്ട കൈയടികള്‍ക്കിടെ പറഞ്ഞു.