ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15 മുതല്‍ അടുത്ത വര്‍ഷം മെയ് പത്തു വരെ

ദുബായ്: ഗള്‍ഫ് മേഖലയൊന്നാകെ കാത്തിരിക്കുന്ന മഹാമേളയായ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ മുപ്പതാമത് എഡിഷന്റെ തീയിതിക്രമം പ്രഖ്യാപിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ പരിപാടികളോടെയും ആഘോഷങ്ങളോടെയും എത്തുന്ന മുപ്പതാം എഡിഷന്‍ ഒക്ടോബര്‍ 15 നു തുടങ്ങി 2026 മെയ് പത്തിനു സമാപിക്കും. കഴിഞ്ഞ എഡിഷനില്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടിയില്‍ പരം ആള്‍ക്കാരാണ് എത്തിയത്. പാര്‍ക്കിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അതിവിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ മേളയ്ക്കായി ഏര്‍പ്പെടുത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആഹാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭക്ഷണസ്റ്റാളുകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍ റൈഡുകള്‍, സ്റ്റേജ് ഷോകള്‍ എന്നിവയൊക്കെയാണ് ഇത്തവണത്തെ മേളയിലുണ്ടാകുക. ഇത്തവണത്തെ പരിപാടികളുടെ വിശദവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഗാ പരിപാടിയായതിനാല്‍ നിരവധി ആകര്‍ഷണങ്ങള്‍ കൂടുതലായി ഉണ്ടാകുമെന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരത്തോളം സ്‌റ്റേജ് ഷോകളും ഇരുനൂറിലധികം ഭക്ഷണ സ്റ്റാളുകളും ഇരുനൂറിലധികം റൈഡുകളുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ഇതിനു പുറമെയായിരുന്നു കരിമരുന്ന് പ്രയോഗങ്ങളും പുതുവര്‍ഷാഘോഷവും മറ്റും.
1996ലാണ് ദുബായ് ക്രീക്കില്‍ വിരലിലെണ്ണാവുന്ന റൈഡുകളുമായി ഗ്ലോബല്‍ വില്ലേജ് ആരംഭിക്കുന്നത്. അവിടെ നിന്നാണ് ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുന്നത്.