ഹൈദരാബാദിലൊരു ടൂ ഇന്‍ വണ്‍ സ്‌കൂള്‍, താഴെ നിലയില്‍ ക്ലാസ്, മുകള്‍ നിലയില്‍

ഹൈദരാബാദ്: അറിവ് ലഹരിയായുള്ളവരും കല ലഹരിയായുള്ളവരുമൊക്കെ ഹൈദരാബാദിലെ മേധ സ്‌കൂളില്‍ ചെന്നാല്‍ സാക്ഷാല്‍ ലഹരി തന്നെ ക്ലാസ്മുറികളിലും ലാബുകളിലും കണ്ടു ഞെട്ടേണ്ടി വരും. ഇന്നലെ പോലീസ് റെയ്ഡില്‍ സ്‌കൂളിനുള്ളില്‍ അറിവും ലഹരിയും രണ്ടായി തന്നെ ഉല്‍പാദിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് ലഭിച്ചത്. സ്‌കൂളിന്റെ താഴെ നിലകളില്‍ രണ്ടിലും ക്ലാസും പഠനവും പുരോഗമിക്കുമ്പോള്‍ മൂന്നാം നില ലഹരിയുടെ ലോകമായി സൂക്ഷിക്കുകയായിരുന്നു മാനേജ്‌മെന്റ്. മൂന്നാം നിലയിലേക്കുള്ള പ്രവേശനം അടച്ചിരുന്നുവെന്നു മാത്രം. എന്നാല്‍ സ്‌കൂള്‍ ലബോറട്ടറിയെ വെല്ലുന്ന ഉപകരണങ്ങളും സാങ്കേതിക മികവുമായിരുന്നു മൂന്നാം നിലയിലെ ലാബിനുണ്ടായിരുന്നത്.
പോലീസ് സര്‍വവും പൊക്കിയെന്നു മാത്രമല്ല, സ്‌കൂള്‍ ഡയറക്ടര്‍ മലേല ജയപ്രകാശ് ഗൗഡിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത് മാരക ലഹരി വസ്തുവായ ്അല്‍പ്രാസോലം എന്ന രാസവസ്തുവായിരുന്നു. ഇതിന്റെ സ്ഥിരം ഉപഭോക്താക്കള്‍ ആ പ്രദേശത്തെ കള്ളു ഷാപ്പുകളായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവര്‍ കള്ളില്‍ ലഹരി കൂട്ടുന്നതിനു വേണ്ടിയാണീ രാസവസ്തു ഉപയോഗിച്ചിരുന്നത്. ആഴ്ചയില്‍ ആറു ദിവസവും സ്‌കൂള്‍ ഡയറക്ടറുടെ സ്വന്തം നിലയില്‍ മുകള്‍ നിലയില്‍ മരുന്നുണ്ടാക്കുകയും ഞായറാഴ്ച അതിന്റെ വിപണനം നടത്തുകയും ചെയ്യുന്നതായിരുന്നു ഇവിടുത്തെ രീതി. ഹൈദരാബാദ് പോലീസിലെ ഈഗിള്‍ (EAGLE- Elite Action Group for Drug Law Enforcement) വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും നടന്നത്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ലാബിനുള്ളില്‍ ഏഴു വലിയ റിയാക്ടറുകളും വേണ്ടത്ര ഡ്രയറുകളുമാണ് മരുന്നുണ്ടാക്കാനായി ക്രമീകരിച്ചിരുന്നത്. ഭദ്രമായി പായ്ക്ക് ചെയ്തു സൂക്ഷിച്ചിരുന്ന ഏഴു കിലോഗ്രാം അല്‍പ്രസാനോളും 21 ലക്ഷം രൂപയും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗൗഡിന്റെ ബിസിനസ് പങ്കാളിയായ ഗുരുവറെഡ്ഡിയാണ് മരുന്നു നിര്‍മാണത്തില്‍ ഇദ്ദേഹത്തിന്റെ ഗുരുവെന്നു പോലീസ് വെളിപ്പെടുത്തി.