പക്ഷി ഇടിച്ചു, കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

കണ്ണൂര്‍: ടേക്കോഫിനിടെ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ അബുദാബിയിലേയ്ക്കു പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുക്കാല്‍ മണിക്കൂറോളം വിമാനത്താവളത്തിനു വട്ടമിട്ടുപറന്ന് ഇന്ധനം കുറച്ചശേഷമായിരുന്നു തിരിച്ചിറക്കിയത്. വിമാനത്താവളത്തിലെ ബേയിലേയ്ക്കു മാറ്റി സാങ്കേതികതകരാറുകള്‍ക്കായി പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നും കണ്ടെത്താനായില്ലെന്ന് അറിയിച്ചിട്ടുണ്ട്. നൂറ്റെണ്‍പതോളം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ 6.30നു പുറപ്പെട്ട വിമാനമാണു തിരിച്ചിറക്കേണ്ടിവന്നത്. ഈ യാത്രക്കാരെ ഷാര്‍ജയില്‍നിന്നു കണ്ണൂരിലേയ്‌ക്കെത്തുന്ന വിമാനത്തില്‍ അബു ദാബിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മസ്‌കറ്റ് വരെയുള്ള വിമാനം എയര്‍ ഇന്ത്യ അവസാനനിമിഷം റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. യാത്ര പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുന്‍പാണ് വിമാനം റദ്ദാക്കുന്നത്. യാത്രക്കാര്‍ ബോര്‍ഡിങ്ങിനെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായി അറിഞ്ഞത്. ഏകപക്ഷീയമായി വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലിക്കെത്തേണ്ട പലര്‍ക്കും സമയത്തിനെത്താന്‍ കഴിയാതെ വന്നതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ത്തന്നെ പ്രതിഷേധിച്ചു. ഇന്നലത്തെ ടിക്കറ്റുകള്‍ പതിനേഴാം തീയതിയിലേയ്ക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.