ബിജെപിയെയും ഡിഎംകെയെയും കടിച്ചുകുടഞ്ഞ് വിജയ്‌യുടെ തേരോട്ടം തുടങ്ങി

തിരുച്ചി: തിരുച്ചിയിലെ ഓരോ മണല്‍ത്തരി പോലും വിജയ്‌നു വേണ്ടി ഹര്‍ഷാരവം മുഴക്കുന്ന ദിവസമായിരുന്നു ശനിയാഴ്ച. മണല്‍ വാരിയെറിഞ്ഞാല്‍ നിലത്തു വീഴില്ലാത്തതു പോലെയായിരുന്നു ആള്‍ക്കൂട്ടം. പുതിയൊരു ജനകീയ മുന്നേറ്റത്തിന്റെ കൊടുങ്കാറ്റുണര്‍ത്തുന്ന തുടക്കമായി മാറി വിജയ്യുടെ സംസ്ഥാന റാലിയുടെ തിരുച്ചിയിലെ തുടക്കം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ രണ്ടും കല്‍പിച്ച് പോരിനിറങ്ങാനുറച്ചിരിക്കുന്ന വിജയ് സംസ്ഥാനം മുഴുവന്‍ നടത്താന്‍ പോകുന്ന സമാന റാലികളുടെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് എന്നും സംസ്ഥാനത്തെ ഡിഎംകെ ഗവണ്‍മെന്റിനെ വിഷം എന്നു വിളിച്ചുകൊണ്ടായിരുന്നു റാലികളുടെ തുടക്കം.
ഇരു ഗവണ്‍മെന്റുകളും ജനങ്ങളെ ചതിക്കുകയും ദ്രോഹിക്കുകയുമാണ് ചെയ്യുന്നതെന്നും ടിവികെയുടെ ഉദ്ദേശ്യം തമിഴ്‌നാടിനെ ദാരിദ്ര്യത്തില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും അഴിമതിയില്‍ നിന്നും മോചിപ്പിക്കുകയാണെന്ന് ജനങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു.
കാര്യമായ മുന്നൊരുക്കങ്ങള്‍ കൂടാതെയാണ് റാലി നടത്തിയതെങ്കിലും യോഗസ്ഥലത്തേക്കും വിമാനത്താവളം മുതല്‍ നഗരം വരെയുള്ള വഴികളിലും ജനങ്ങള്‍ ഒഴുകിയെത്തി. നഗരം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി മാറി. തന്റെ പ്രസംഗത്തില്‍ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിനും സംസ്ഥാനത്തെ ഡിഎംകെ ഗവണ്‍മെന്റിനും തുല്യം അളവില്‍ പ്രഹരമേല്‍പിക്കാന്‍ വിജയ് മറന്നില്ല. ബീഹാറിലെ വോട്ടുകൊള്ളയെക്കുറിച്ചു പറഞ്ഞ് രാജ്യത്തെ ബിജെപി നശിപ്പിക്കുകയാണെന്ന് ആരോപിച്ചു. 2029ലെ തിരഞ്ഞെടുപ്പിനപ്പുറം ബിജെപിക്ക് ഭാവിയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 2021 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രയെണ്ണം നടപ്പായിട്ടുണ്ടെന്നു ചോദിച്ചാണ് സംസ്ഥാന ഭരണത്തിനെതിരായ വികാരം ഇളക്കിയത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് വിജയ് ചെന്നൈയില്‍ നിന്ന് തിരുച്ചിയില്‍ വന്നിറങ്ങിയത്. വിമാനത്താവളം മുതല്‍ വേദി വരെ ആള്‍ക്കൂട്ടം നിറഞ്ഞിരുന്നു. വേദി വരെയുള്ളഎട്ടു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അഞ്ചു മണിക്കൂറാണ് എടുത്തത്. അത്രയധികമായിരുന്നു വഴിനീളെയുള്ള ആള്‍ക്കൂട്ടം