സൗദിയില്‍ പിക്ക്അപ് വാഹനം മറിഞ്ഞ് ഒരു മലയാളിയും രണ്ടു തമിഴ്‌നാട്ടുകാരും മരിച്ചു

ജിസാന്‍: സൗദി അറേബ്യയിലെ ജിസാനു സമീപം വാഹനാപകടത്തില്‍ ഒരു മലയാളിക്കും രണ്ടു തമിഴ്‌നാട്ടുകാര്‍ക്കും ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജിസാനില്‍ നിന്ന് അമ്പതോളം കിലോമീറ്റര്‍ അകലെ വിനോദസഞ്ചാര കേന്ദ്രമായ ഫുറസാന്‍ ദ്വീപിലാണ് അപകടമുണ്ടായത്. കടലുണ്ടി സ്വദേശി രമേശന്‍, കന്യാകുമാരി സ്വദേശികളും സഹോദരന്‍മാരുമായ ജോര്‍ജ്, അന്തോണി എന്നിവരാണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളികളാണ് മരിച്ചവരും പരിക്കേറ്റവരും. വെള്ളിയാഴ്ച അല്‍ സഗീര്‍ ദ്വീപില്‍ നിന്ന് മീന്‍ പിടിച്ച ശേഷം തിരികെ താമസസ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച പിക്ക്അപ് വാഹനത്തിന്റെ ടയര്‍ ഓട്ടത്തിനിടയില്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് കടലൂര്‍ സ്വദേശി സത്യപ്രവീണ്‍ ശക്തിവേലിനെ അബുഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും നാഗപട്ടണം സ്വദേശി മണി വെള്ളിദിശിനെ ഫുര്‍സാന്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഫുര്‍സാന്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സാമൂഹ്യപ്രവര്‍ത്തകര്‍ പരിശ്രമിച്ചു വരുന്നു.