ഗാസയില്‍ തീ ചിതറുന്ന ആക്രമണം, രണ്ടര ലക്ഷം ആള്‍ക്കാര്‍ പലായനം ചെയ്തു

ഗാസ സിറ്റി: ഗാസയില്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. എന്തു വിലകൊടുത്തും ഗാസയില്‍ തന്നെ തങ്ങുമെന്നു നിശ്ചയിച്ചിരുന്നവര്‍ പോലും പലായനം ചെയ്യുന്ന കാഴ്ചയാണെങ്ങും. ഗാസയിലെ കെട്ടിടങ്ങള്‍ ഒന്നൊഴിയാതെ എല്ലാം ആക്രമണത്തില്‍ തകര്‍ത്താണ് ഇസ്രയേല്‍ മുന്നോട്ടു പോകുന്നത്. എല്ലാവരും ഗാസസിറ്റി വിട്ടുപോകണമെന്നും അല്ലെങ്കില്‍ മരിക്കാന്‍ തയാറായിരിക്കണമെന്നും വെള്ളിയാഴ്ച മുന്നറിയിപ്പു പുറപ്പെടുവിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ ഇസ്രയേല്‍ ആക്രമണം അതിശക്തമാക്കി മാറ്റിയിരിക്കുന്നത്. കരയുദ്ധത്തില്‍ കൂടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണമെങ്കില്‍ ഇപ്പോള്‍ കരസൈന്യം മാറിയിരിക്കുകയാണ്. പകരം ബോംബ് വര്‍ഷിച്ചു കൊണ്ട് വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറക്കുകയാണ്. ഒരൊറ്റ കെട്ടിടം പോലും അതിജീവിക്കാന്‍ ഇവ സമ്മതിക്കുന്നതേയില്ല.
ശനിയാഴ്ച ഒരു ദിവസം മാത്രം രണ്ടരലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ നിന്നും ഒഴിഞ്ഞു പോയതായി ഇന്നലെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇവരെല്ലാം എന്തുവന്നാലും ഗാസയില്‍ നിന്നു പോകില്ലെന്നു വാശിപിടിച്ചിരുന്നവരാണ്. ഹമാസിന്റെ അവസാനത്തെ ശക്തി കേന്ദ്രം ഗാസസിറ്റിയാണെന്ന വിലയിരുത്തലിലാണ് നെതന്യാഹു. ഗാസ സിറ്റി നിലംപരിശാകുന്നതോടെ പാലസ്തീന്റെ അവസാനത്തെ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ കൂടിയാണ് മണ്ണടിയുന്നത്.