മോസ്‌കോ: റഷ്യയുടെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ലെനിന്‍ഗ്രാഡ് മേഖലയിലെ കിറിഷി റിഫൈനറിക്കു നേരേ യുക്രേയ്‌ന്റെ കനത്ത ഡ്രോണ്‍ ആക്രമണം. റിഫൈനറിയില്‍ വലിയ നാശനഷ്ടം സംഭവിച്ചതായി റഷ്യ സമ്മതിച്ചു. റിഫൈനറി തകര്‍ത്തതായി യുക്രേയ്ന്‍ അവകാശപ്പെടുകയും ചെയ്തു. പ്രതിവര്‍ഷം 177 ലക്ഷം മെട്രിക് ടണ്‍ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്. ഇവിടെ നിന്നുള്ള പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പാദനം 3.55 ലക്ഷം ബാരലുകളാണ്. ഇതിന് ഗുരുതരമായ തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കില്‍ റഷ്യയ്ക്ക കനത്ത ആഘാതമായിരിക്കും അത്. ഉല്‍പാദനത്തിന്റെ തോതു വച്ച് റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ റിഫൈനറിയാണിത്. യുക്രേയ്‌നിന്റെ മൂന്നു ഡ്രോണുകള്‍ ഈ മേഖലയില്‍ നിന്നു റഷ്യന്‍ സേന വെടിവച്ചിട്ടെന്നും അവ നിലംപതിച്ചപ്പോള്‍ അഗ്നിബാധയുണ്ടായെന്നുമാണ് ലെനിന്‍ഗ്രാഡ് മേഖലയുടെ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഡ്രോസ്‌ഡെങ്കോ ഇതു സംബന്ധിച്ച് പ്രതികരിച്ചത്. ആര്‍ക്കും പരിക്കേറ്റില്ലെന്നു മാത്രമല്ല, അഗ്നിബാധ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അദ്ദേഹം വെളിപ്പെടുത്തി.
ഡ്രോണ്‍ ആക്രമണം, റഷ്യയുടെ മൂന്നാമത്തെ വലിയ റിഫൈനറി കത്തിയമര്‍ന്നു
