അയ്യപ്പസംഗമത്തിനു നല്‍കിയ അനുമതി സ്റ്റേചെയ്യാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതില്‍ ഹര്‍ജി. അയ്യപ്പഭക്തനായ ഡോ. പി എസ് മഹേന്ദ്രകുമാറാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്. സംഗമത്തിന് കഴിഞ്ഞ വെള്ളിയാഴ്ച കേരള ഹൈക്കോടതി കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു. ഈ മാസം 20ന് പമ്പാ നദിയുടെ തീരത്താണ് സംഗമം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പമ്പയുടെ പവിത്രതയ്ക്കു യാതൊരു തരത്തിലും ഭംഗം വരുത്തിക്കൂടാ എന്നതാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി നല്‍കിയിരിക്കുന്ന നിബന്ധനകളില്‍ പ്രധാനം.
ഇക്കാര്യത്തില്‍ കേരള ഹൈക്കോടതിയുടെ തീരുമാനം ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദുധര്‍മ സ്ഥാപന നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണ് കേരള ഹൈക്കോടതിയുടെ തീരുമാനമെന്ന് മഹേന്ദ്രകുമാര്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ഭാവനയില്‍ കാണുക പോലും ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് കോടതി നടപടിയിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇത്തരം മതപരമായ പരിപാടി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതു തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്നും ഹര്‍ജിയില്‍ പറയുന്നു.