പെര്‍ത്തിനു ചേര്‍ന്ന് പ്രതിരോധ മേഖല വികസിപ്പിക്കും, 1200 കോടി ആദ്യം മുടക്കുന്നു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിസ്തൃതമായ പ്രതിരോധ മേഖല വികസിപ്പിക്കുന്നതിനായി ആല്‍ബനീസി ഗവണ്‍മെന്റ് 1200 കോടി ഡോളര്‍ നീക്കി വച്ചു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളായിരിക്കും ഈ പ്രതിരോധ മേഖലയില്‍ ഉണ്ടായിരിക്കുക. നാവിക സേനയ്ക്കു വേണ്ടി കപ്പലുകള്‍ നിര്‍മിക്കുന്നതിനും ആണവശേഷിയുള്ള അന്തര്‍വാഹിനികള്‍ സൂക്ഷിക്കുന്നതിനുമെല്ലാം ഇവിടെസൗകര്യമുണ്ടായിരിക്കും. ഇന്നു രാവിലെ പെര്‍ത്തില്‍ വിളിച്ചു ചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി വെളിപ്പെടുത്തിയതാണ് ഇക്കാര്യം. നിലവില്‍ നാവികസേനയ്ക്കാവശ്യമായ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിര്‍ദിഷ്ട പ്രതിരോധ മേഖലയില്‍ തന്നെയാണുള്ളത്. അതിനായി നീക്കിവച്ചിരിക്കുന്ന സൈനിക ബജറ്റിനു പുറമെയായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 1200 കോടി ഡോളര്‍ ചെലവഴിക്കുക.
തലസ്ഥാന നഗരമായ പെര്‍ത്തിനു തെക്കുഭാഗത്തായി കോക്ക്‌ബേണ്‍ സൗണ്ടില്‍ നിലവിലുള്ള മാരിടൈം ഹബ് തന്നെയായിരിക്കും വികസിപ്പിച്ച് പ്രതിരോധ മേഖയാക്കി മാറ്റുക. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക പ്രാരംഭ ചെലവുകള്‍ക്കുള്ളതു മാത്രമായിരിക്കും. അതിനു ശേഷം പത്തു വര്‍ഷത്തിനുള്ളില്‍ 2500 കോടി ഡോളര്‍ കൂടി മുതല്‍ മുടക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഹെന്‍ഡേഴ്‌സന്‍ ഫെസിലിറ്റിയില്‍ പ്രതിരോധ കപ്പലുകളുടെ നിര്‍മാണത്തിനു മാത്രമായി നീക്കി വയ്ക്കും. അതിനു ശേഷം എല്ലായിനത്തിലുള്ള കപ്പലുകളും ഇവിടെ നിര്‍മിക്കുന്നതിനും ആലോചനയുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് എല്ലായിനത്തിലുമുള്ള അന്തര്‍വാഹിനികളുടെ ഡോക്കിങ് കേന്ദ്രമായും ഈ മേഖലയെ മാറ്റുന്നതാണ്. ഭാവി വികസനത്തിനുള്ള സാധ്യതകള്‍ കണക്കിലെടുത്തായിരിക്കും പ്രദേശത്തെ വികസിപ്പിക്കുന്നതിന്റെ രൂപരേഖ തയ്യാറാക്കുക. അമേരിക്കയുമായുള്ള ഔകസ് (AUKUS) കരാറിന്റെ ഭാഗമായിട്ടാകും ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ ലഭ്യമാകുക. എന്നാല്‍ ഈ കരാര്‍ തന്നെ അമേരിക്ക പുനപരിശോധിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതേ കരാറിന്റെ തന്നെ ഭാഗമായി അമേരിക്കയുടെ ആണവ അന്തര്‍വാഹിനികള്‍ക്കു കൂടി ഇവിടെ ഡോക്ക് ചെയ്യുന്നതിനുള്ള സൗകര്യം അനുവദിക്കുമെന്നാണ് അറിയുന്നത്.
ഇത്ര വലിയ മൂലധന നിക്ഷേപം ഹെന്‍ഡേഴ്‌സന്‍ മേഖലയില്‍ വരുന്നത് പെര്‍ത്ത് പ്രദേശത്തിന്റെയാകെ വലിയ വികസനത്തിലേക്കു വഴിതെളിക്കും എന്ന പ്രതീക്ഷയാണ് ഏവര്‍ക്കുമുള്ളത്.