സിഡ്‌നി: ഓസ്‌ട്രേലിയയിലെ പാര്‍പ്പിട ക്ഷാമത്തിനും പാര്‍പ്പിട വിലക്കയറ്റത്തിനും പിന്നില്‍ കുടിയേറ്റ ജനതയാണെന്ന നവനാസികളുടെ പൊതുവായ ആരോപണത്തിന്റെ മുനയൊടിച്ച് ഓസ്‌ട്രേലിയക്കാര്‍ തന്നെയായ സാമ്പത്തിക ഗവേഷകര്‍ രംഗത്തെത്തുന്നു. കുടിയേറ്റ വിരുദ്ധ റാലികളില്‍ രാജ്യത്തിന്റെ പല ഭാഗത്തും ആള്‍ക്കാര്‍ പങ്കെടുത്തത് പാര്‍പ്പിട മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് നവനാസികള്‍ നടത്തിയ തെറ്റായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വീണുപോയതുകൊണ്ടാണെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധന്‍ മാറ്റ് ഗ്രുഡ്‌നോഫ് പറയുന്നു.
ഓരോ വര്‍ഷവും ഓസ്‌ട്രേലിയയിലേക്ക് വന്നെത്തുന്ന കുടിയേറ്റക്കാരില്‍ 71 ശതമാനവും വിദഗ്ധ തൊഴിലാളികളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവരുടെ വരവ് നിയന്ത്രിക്കപ്പെട്ടാല്‍ പോലും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കാനാവില്ല. നിലവില്‍ ഓസ്‌ട്രേലിയയ്ക്കു വേണ്ട സേവനങ്ങളും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന ഒരുസ്ഥാപനത്തിനും ഇന്നത്തെ നിരക്കില്‍ അവ ഉല്‍പാദിപ്പിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല. അതിന്റെ ഫലം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ടാകുന്ന വലിയ വിലക്കയറ്റമായിരിക്കും. അങ്ങനെ വരുമ്പോള്‍ രാജ്യം നേരേ പണപ്പെരുപ്പത്തിന്റെ പിടിയില്‍ അമര്‍ന്നു പോകും ഈ അവസ്ഥയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാനായി ഗവണ്‍മെന്റിന് വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തേണ്ടതായി വരും. അതായത് കുടിയേറ്റക്കാര്‍ രാജ്യത്തേക്കു വരുന്നില്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറുന്ന അവസ്ഥയും വായ്പകള്‍ക്ക് പലിശ കയറുന്ന അവസ്ഥയുമായിരിക്കും വരിക. അത് ഓരോ ഓസ്‌ട്രേലിയക്കാരന്റെയും ജീവിതം ദുസഹമാക്കി മാറ്റുമെന്ന് ഗ്രൂഡനോഫ് പറയുന്നു.
വീടിന്റെ വിലയിലും വാടകയിലും വന്നിരിക്കുന്ന വിലക്കയറ്റം കുടിയേറ്റക്കാരാരും ഇവിടേക്കു കൊണ്ടുവന്നതല്ല. ഓസ്‌ട്രേിലയക്കാര്‍ വീടിനെ താമസസ്ഥലം എന്ന നിലയിലല്ല പലരും കാണുന്നത്. ഇതിനെ മൂലധന നിക്ഷേപത്തിനുള്ള അവസരമായി കാണുന്നവര്‍ എവിടെ വീട് കിട്ടാനുണ്ടെങ്കിലും വാങ്ങിക്കൂട്ടുകയാണ്. മൂലധന നിക്ഷേപങങളില്‍ നിന്നുള്ള വരുമാനത്തിന് നികുതിയിളവ് വന്ന 1999 മുതല്‍ ഇതാണ് രാജ്യത്തെ അവസ്ഥ. മറ്റാര്‍ക്കും വീടു വാങ്ങാന്‍ അവസരം കിട്ടുന്നതിനു മുമ്പു തന്നെ ഇക്കൂട്ടര്‍ വീടുമുഴുവന്‍ വാങ്ങിക്കൂട്ടുകയാണ്. അതാണ് ഈ രാജ്യത്തെ യഥാര്‍ഥ പ്രശ്‌നം. അങ്ങനെ വാങ്ങിയ വീടുകള്‍ അവര്‍ കൂടിയ വിലയ്ക്കു വാടകയ്ക്കു കൊടുക്കുമ്പോള്‍ വാടകയും ഉയരുന്നു. അതിനു കുടിയേറ്റക്കാരെ പഴിച്ചിട്ടു കാര്യമില്ലെന്ന് ഗ്രുഡ്‌നോഫ് വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരെ പഴി പറയുന്നത് കാര്യവിവരം ഇല്ലാത്തവരെന്ന് സാമ്പത്തിക വിദഗ്ധന്‍
