സിഡ്‌നി എയര്‍പോര്‍ട്ടില്‍ നിന്ന് സിബിഡിയിലേക്ക് നവംബര്‍ രണ്ടു മുതല്‍ 60 ഡോളര്‍ മാത്രം

സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിലെ ടാക്‌സി കാറുകളുടെ പകല്‍ക്കൊള്ളയ്ക്ക് അറുതി വരുത്താന്‍ ഏകീകൃത വാടക നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം. വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലേക്കുള്ള യാത്രകള്‍ക്കാണ് ആദ്യപടിയായി ഏകീകൃത നിരക്ക് നിലവില്‍ വരുന്നത്. നവംബര്‍ രണ്ടിന് ഈ നിരക്കുകള്‍ നിലവില്‍ വരും. ഒരു യാത്രയ്ക്ക് അറുപതു ഡോളര്‍ എന്നതായിരിക്കും അന്നു മുതല്‍ നിരക്ക്. ഇതില്‍ നിന്ന് ടോളുകള്‍, സര്‍ച്ചാര്‍ജുകള്‍ തുടങ്ങി ഒരു പേരിലും അധിക തുക ഈടാക്കാന്‍ ടാക്‌സിക്കാരെ അനുവദിക്കുകയില്ല.
സിഡ്‌നി വിമാനത്താവളത്തില്‍ ആദ്യമായി എത്തിച്ചേരുന്നവരോട് ടാക്‌സിക്കാര്‍ അന്യായമായി തുക ഈടാക്കുന്നുവെന്ന നിരന്തര പരാരിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഈ പ്രശ്‌നത്തിനു പരിഹാരമായി എന്‍എസ്ഡബ്ല്യു പോയിന്റ് ടു പോയിന്റ് കമ്മീഷണറാണ് ഇത്തരമൊരു പരിഹാരം നിര്‍ദേശിച്ചത്. അതാണിപ്പോള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നത്. പല ടാക്‌സിക്കാരും സിബിഡിയിലേക്കുള്ള ഓട്ടത്തിന് 150 ഡോളര്‍ വരെയാണിപ്പോള്‍ ഈടാക്കിപ്പോരുന്നത്. എല്ലാദിവസും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി അയ്യായിരം ടാക്‌സികളായിരിക്കും ക്രമീകരിക്കുക.