തിരുവനന്തപുരം: തിരക്കഥാ രചനയ്ക്കുള്ള കേരള പോലീസിന്റെ വൈഭവം ഒരിക്കല്‍ കൂടി വെളിവാക്കുന്ന മാലമോഷണ എഫ്‌ഐആര്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിനു പോലും ദഹിക്കില്ലാത്തത്. ഒരു നിര്‍ധന ദളിത് യുവതിയെ കള്ളക്കേസില്‍ കുടുക്കാന്‍ പിഴവുകളില്ലാത്ത തിരക്കഥയെഴുതിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും അതിനു കുടപിടിച്ചു കൂട്ടു നിന്ന വാദിക്കും എതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ പ്രത്യേക പോലീസ് സംഘം. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് കേരളത്തിന്റെ മനസാക്ഷി ഞെട്ടുന്ന കഥാരചനയുടെ കാര്യം പുറത്താകുന്നത്.
കഴിഞ്ഞ ഏപ്രില്‍ 23നാണ് വീട്ടില്‍ നിന്നു മാല മോഷണം പോയതായി അമ്പലംമുക്ക് സ്വദേശിയായ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുന്നത്. മോഷണം പോയത് കൊച്ചമ്മയുടെ മാലയാണെങ്കില്‍ കട്ടത് വീട്ടുജോലിക്കാരി എന്ന മനക്കണക്കില്‍ പോലീസ് കൈയോടെ ബിന്ദുവിനെ തൂക്കിയെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നു. അവരുടെ സ്വന്തം വീട്ടില്‍ അറിയിക്കുക പോലും ചെയ്യാതെയും സ്‌റ്റേഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ക്കാതെയുമായിരുന്നു ഈ സാഹസം. ഒരു രാത്രിയും പിറ്റേ പകലും സ്റ്റേഷനില്‍ പച്ച വെള്ളം പോലും കൊടുക്കാതെ ചോദ്യം ചെയ്തു. തൊണ്ടിമുതല്‍ എടുക്കാനെന്ന പേരില്‍ ഇവരെയും കൊണ്ട് പാതിരാത്രിയില്‍ അമ്മയെ നോക്കിയിരിക്കുന്ന മക്കളുള്ള വീട്ടില്‍ അന്വേഷണ നാടകം. ഒടുവില്‍ മാല സോഫയ്ക്കടിയില്‍ നിന്നു കിട്ടിയെന്നു പറഞ്ഞ് പരാതിക്കാരി തന്നെ പിറ്റേന്നു സ്റ്റേഷനിലെത്തുന്നു. അതോടെ നാട്ടിലെങ്ങും ഇനി കണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തി വീട്ടുജോലിക്കാരിയും ദളിതയും നിര്‍ധനയുമായ ബിന്ദുവിനെ പുറത്തിറക്കി വിടുന്നു. ഇനിയാണ് പോലീസ് ബുദ്ധി വര്‍ക്ക് ചെയ്യുന്നത്.
സോഫയ്ക്കടിയില്‍ നിന്നു മാല കിട്ടി എന്ന കാര്യം എസ്‌ഐ പൂഴ്ത്തുന്നു. പകരം വീടിനു പിന്നിലെ ചപ്പുകൂനയില്‍ നിന്നു മാല കിട്ടിയെന്നും അത് ബിന്ദു മോഷ്ടിച്ച ശേഷം ഒളിച്ചുവച്ചതാണെന്നു വീട്ടുടമയ്ക്കു പരാതിയില്ലാത്തതിനാല്‍ കേസ് എടുക്കുന്നില്ലെന്നുമാക്കുന്നു രേഖകള്‍. ഇതിനനുസരിച്ചു വേണ്ട മൊഴികള്‍ വീട്ടമ്മയില്‍ നിന്നും മകള്‍ നിധി ദാനിയലില്‍ നിന്നും ശേഖരിക്കുന്നു.
ഈ കള്ളക്കഥയാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം പൊളിച്ചിരിക്കുന്നത്. ഇങ്ങനെയൊരു കഥ രചിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും അതിനു കൂട്ടു നിന്ന പരാതിക്കാരിക്കുമെതിരേ കേസ് ചാര്‍ജ് ചെയ്യണമെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പലനാള്‍ തിരക്കഥയെഴുതിയാല്‍ ഒരു നാള്‍ ഏത് ഏമാനും കുടുങ്ങുന്ന നാള്‍ വരും
