പ്രമുഖ അമേരിക്കന്‍ വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരിലൊരാളുമായ ചാര്‍ലി കിര്‍ക്ക് യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളോടു സംസാരിക്കവെ അജ്ഞാതന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുള്ള യാത്രയിലെ ആദ്യ യൂണിവേഴ്‌സിറ്റിയായിരുന്നു യൂട്ടാ വാലി. അവിടെ വച്ചുതന്നെ കിര്‍ക്ക് കൊല്ലപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ വെറും 31 വയസ്സായിരുന്നു പ്രായം. ‘ഇതു നമ്മുടെ സംസ്ഥാനത്തിനൊരു ഇരുണ്ട ദിനവും രാജ്യത്തിനൊരു ദുരിതപൂര്‍ണ്ണവുമായ ദിനമാണ്, ഇതൊരു കരുതിക്കൂട്ടിയുള്ള രാഷ്ട്രീയകൊലപാതംതന്നെയാണ്’ എന്ന് യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് സംഭവത്തേപ്പറ്റി പ്രതികരിച്ചുകൊണ്ടു പറഞ്ഞു.
കിര്‍ക്കിനെ കൊല്ലാനുപയോഗിച്ച ആയുധമെന്നു പ്രഥമദൃഷ്ട്യാ കരുതപ്പെടുന്ന ഒരു ബോള്‍ട്ട്-ആക്ഷന്‍ റൈഫിള്‍ സമീപത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. അതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആശയങ്ങളും അമേരിക്കന്‍ ഇടതുപക്ഷ തീവ്രസംഘടനയുടെ ‘ആന്റിഫാസിസ്റ്റ്’ ആശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളിയെ കണ്ടെത്തിയിട്ടില്ലെങ്കിലും, സമപ്രായക്കാര്‍ തന്നെയാകാമെന്നാണു പ്രാഥമികനിഗമനം.
ആറ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം കിര്‍ക്കിന്റെ സ്വന്തം പ്രൈവറ്റ് സുരക്ഷാ ടീമും സുരക്ഷയൊരുക്കിയ പരിപാടിയില്‍, മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. മരിക്കുന്നതിനു തൊട്ടുമുന്‍പ് സര്‍വ്വകലാശാലയുടെ മുറ്റത്തുതന്നെ ഓപ്പണ്‍ എയറില്‍ ‘ഞാന്‍ തെറ്റാണെന്ന് സ്ഥാപിക്കൂ’ എന്നു പേരിട്ട ഇരിപ്പിടത്തിലിരുന്ന് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും വാദപ്രതിവാദം നടത്തുകയുമായിരുന്നു കിര്‍ക്ക്. പെട്ടെന്ന് വെടിശബ്ദം കേള്‍ക്കുകയും കിര്‍ക്ക് തന്റെ തൊണ്ടയില്‍ പിടിച്ചുകൊണ്ടു പുറകോട്ടു മറിഞ്ഞുവീഴുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ കിര്‍ക്കിന്റെ ഭാര്യയും മക്കളും സ്ഥലത്തുതന്നെ ഉണ്ടായിരുന്നു.
പതിനെട്ടുവയസ്സില്‍ത്തന്നെ അമേരിക്കയിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ സംഘടനയായ ‘ടേണിങ്ങ് പോയിന്റ് യുഎസ്എ’ സ്ഥാപിച്ചുകൊണ്ടായിരുന്നു കിര്‍ക്കിന്റെ പൊതുപ്രവര്‍ത്തനാരംഭം. അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഉടച്ചുവാര്‍ത്ത് കാലഘട്ടത്തിനനുയോജ്യവും സുശ്ശക്തവുമാക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരിലൊരാളായിരുന്നെങ്കിലും, തന്റെ ബന്ധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കിര്‍ക്ക് ഉപയോഗിച്ചിരുന്നില്ല. അമേരിക്കയിലെ ‘മേയ്ക്ക് അമേരിക്ക ഗ്രേയ്റ്റ് എഗെയ്ന്‍’ മുന്നേറ്റത്തിന്റെ മുഖമായിമാറിയ ചില പുതുമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സില്‍ ഒരാളായിരുന്ന കിര്‍ക്കിനെ, തനിക്കു യുവതലയുറയുടെയിടയില്‍ വോട്ടര്‍മാരെ കണ്ടെത്തിത്തന്ന ആളായി ട്രംപ് കണ്ടിരുന്നു. തന്റെ എതിരാളികളെ കടന്നാക്രമിക്കുന്ന കിര്‍ക്കിന്റെ ശൈലി അദ്ദേഹത്തിന് അനേകം അനുയായികളോടൊപ്പം എതിരാളികളെയും നേടിക്കൊടുത്തിരുന്നു.
തീവ്ര വലതു പക്ഷം, ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചു
