സാക്ഷാല്‍ ടിം കുക്ക് അറിയാതെയാണല്ലോ സ്‌ക്രീന്‍ ഷോട്ടിലെ കുക്ക് ഇങ്ങനെയായത്

ഐഫോണ്‍ പതിനേഴ് സീരീസ് പുറത്തിറങ്ങിയിട്ട് പത്തോ പതിനൊന്നോ ദിവസമേ ആയിട്ടുള്ളൂ. അതിനകം ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സിഇഓ ടിം കുക്കിനെ ആര്‍എസ്എസ് അനുഭാവിയാക്കിക്കൊണ്ട് പോസ്റ്റുകള്‍ പറന്നു നടക്കുകയാണ്. പലതും വൈറലുമായി മാറുന്നു. പാവം ടിം കുക്ക് ഇതു വല്ലതും അറിയുന്നുണ്ടോ. ആകെ ചെയ്തു പോയത് ഒരേയൊരു തെറ്റ്. പുതിയ സീരീസ് ഫോണിന് ഒരു തരം ഓറഞ്ച് നിറം കൊടുത്തു പോയി. വേണമെന്നു വച്ചാല്‍ കാവി നിറത്തോടൊരു സാമ്യം പറയാം. എന്നാല്‍ ഏതോ അതിബുദ്ധിമാന്റെ തലച്ചോറില്‍ ഈ നിറത്തിനും വേറെ ഉപയോഗമാണ് കിട്ടിയത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ടിം കുക്ക് കാവി നിറത്തില്‍ ഫോണ്‍ ഇറക്കി ആര്‍എസ്എസിനോട് ആദരം കാട്ടിയിരിക്കുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പൊതുവായ വര്‍ത്തമാനം.
ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നറിയാല്‍ പലരും ഇതിന്റെ ഫാക്ട് ചെക്കിനിറങ്ങി. അപ്പോഴല്ലേ മനസിലാകുന്നത്, കുക്ക് മനസാ വാചനാ കര്‍മണാ അറിയാത്ത കാര്യമാണ് സ്വന്തം തലയില്‍ ചാര്‍ത്തിക്കിട്ടിയിരിക്കുന്നതെനന്. ഏറ്റവും രസകരമായ കാര്യം ഈ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുണ്ട്. കുക്ക് ആര്‍എസ്എസ് ആദരം വെളിപ്പെടുത്തുന്നതായ കുറിപ്പാണത്. ഇത് ആദ്യമായി പോസ്റ്റ് ചെയ്തു വന്നിരിക്കുന്നത് വോക്ക്ഫ്‌ളിക്‌സ് എന്ന എക്‌സ് അക്കൗണ്ടിലാണ്. അതൊരു പാരഡി അക്കൗണ്ടാണ്്. മറ്റുള്ളവരെ പരിഹസിക്കാനുള്ള പോസ്റ്റുകള്‍ മാത്രമാണ് അവര്‍ ഇടുന്നത്. അതില്‍ ആര്‍എസ്എസിനെ പരിഹസിക്കാന്‍ അവര്‍ തയാറാക്കിയിട്ട പോസ്റ്റ് ചിലര്‍ വലിയ സംഭവമായി ഏറ്റെടുക്കുകയായിരുന്നു.
പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും വാദങ്ങള്‍ ശരിയല്ലെന്നും സ്‌ക്രീന്‍ ഷോട്ട് കൃത്രിമമാണെന്നുമൊക്കെ എക്‌സിലെ എഐ സംവിധാനമായ ഗ്രോക്ക് തന്നെ വ്യക്തമാക്കുന്നുമുണ്ട്. എന്നിട്ടും എന്തൊരു വേഷം കെട്ടല്‍ എന്നോര്‍ക്കുമ്പോഴാ.