ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ ലോകത്തെ ഏറ്റവും വലിയ ധനികന്‍. ഓറക്കിളിന്റെ എഐ സോഫ്റ്റ്വെയറുകള്‍ക്കായുള്ള ക്ലൗഡ് കംപ്യൂട്ടിങ്ങ് സിസ്റ്റങ്ങള്‍ മുഖേനയുള്ള വരുമാനമാണ് വര്‍ഷങ്ങളായി ടെക്ക് ലോകത്തെ അതികായരിലൊരാളായ ലാറി എലിസണെ ലോകത്തെ ഏറ്റവും ധനികനാക്കിയത്. ഒറ്റദിവസംകൊണ്ടാണ് അദ്ദേഹത്തിന്റെ സമ്പത്ത് നൂറു ബില്യണിലേറെ വളര്‍ന്ന് ഇലോണ്‍ മസ്‌കിനെ മറികടന്നത്. ട്രേഡിങ്ങ് അവസാനിക്കുമ്പോഴേക്കും മസ്‌ക് തിരിച്ചു മുന്നിലെത്തിയെങ്കിലും ലോകത്തുതന്നെ ഒറ്റദിവസംകൊണ്ട് ഇത്രയധികം സമ്പത്തുവര്‍ദ്ധനവുണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് നിരീക്ഷകര്‍ പറയുന്നു.
1944ല്‍ ജനിച്ച എലിസണെ മാതാപിതാക്കള്‍ ദത്തെടുക്കുകയായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാതെതന്നെ സോഫ്റ്റ്വെയര്‍ മേഖലയിലേയ്ക്കിറങ്ങിയ അദ്ദേഹം, വെറും 2000 ഡോളര്‍ മൂലധനവുമായി തുടങ്ങിയ ചെറിയ കമ്പനിയാണ് ഇപ്പോള്‍ ഏറെ വളര്‍ച്ച നേടിയ ഇന്നത്തെ ഓറക്കിള്‍. റിലേഷനല്‍ ഡേറ്റബേസ് സിസ്റ്റങ്ങളുടെ നിര്‍മ്മാണത്തിലൂടെയാണ് ഓറക്കിളിന്റെ ആരംഭം. അതിനുശേഷം മെല്ലെ ഐ.ടി. സംരംഭങ്ങള്‍ക്കുവേണ്ട പലതരം സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും പുറത്തിറക്കി. ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഓറക്കിള്‍ കൈവച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിലാണ് ക്ലൗഡ് കംപ്യൂട്ടിങ്ങിലേയ്ക്കു കടക്കുന്നത്. എഐ യുഗത്തില്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സാദ്ധ്യതകളെപ്പറ്റി നന്നായി പഠിച്ചു നടത്തിയ കാല്‍വയ്പ്പായിരുന്നു അത്. ആ നീക്കമാണിപ്പോള്‍ ഫലമണിഞ്ഞിരിക്കുന്നതെന്നു നിസ്സംശയം പറയാം. എഐ രംഗത്തേ അതികായനായ ഓപ്പണ്‍ എഐ വരെ അവരുടെ ക്ലൗഡ് കംപ്യൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായി ഓറക്കിളിനെ സമീപിക്കുമ്പോള്‍, മൈക്രോസോഫ്റ്റിനും ആമസോണിനും ഗൂഗിളിനും തുല്യമായോ അവര്‍ക്കും മേലെയോ തങ്ങളുടെ ക്ലൗഡ് സിസ്റ്റങ്ങളെ എത്തിക്കാന്‍ ഓറക്കിളിനു കഴിഞ്ഞെന്നു നമുക്കു മനസ്സിലാക്കാം.
അനാഥനായി ജനിച്ച് മസ്‌കിനെ പോലും കടത്തിവെട്ടിയ ഓറക്കിള്‍ മുതലാളി പുലിയല്ലേ
