ആരാകും നേപ്പാളിന്റെ പ്രധാനമന്ത്രി, സുശീല കാര്‍ക്കിക്കു കൂടുതല്‍ സാധ്യത

കാഠ്മണ്ഡു: ഒരു ആവേശത്തിനു കിണറ്റില്‍ ചാടാം ഒമ്പത് ആവേശത്തിനു തിരിച്ചുകയറാന്‍ പറ്റണമെന്നില്ല എന്ന അവസ്ഥയിലാകുകയാണോ നേപ്പാളിലെ ജന്‍ സി യുടെ കാര്യം. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബൂമൊക്കെ പോയപ്പോള്‍ കലിയിളകി നാടു കത്തിച്ച് പ്രധാനമന്ത്രിയെയും മറ്റും നാടുകടത്തി. അവസാനം ഇനി മുന്നോട്ട് ഏതു വഴിയെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണോ കുട്ടി സമരനായകര്‍. പോരെങ്കില്‍ ചലേടത്തെങ്കിലും അടുത്ത ഭരണകര്‍ത്താവ് ആരായിരിക്കണം എന്ന കാര്യത്തിലെടുക്കുന്ന വ്യത്യസ്ത നിലപാടുകള്‍ പാളയത്തില്‍ പടയ്ക്കും കാരണമായി മാറുന്നു. ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നത് നേപ്പാള്‍ ആര്‍മി ഹെഡ്ക്വാര്‌ട്ടേഴ്‌സിലാണ്. ചര്‍ച്ചകള്‍ക്കായി പട്ടാളം ചുമതലപ്പെടുത്തിയിരിക്കുന്നത് ആര്‍മി ചീഫ് ജനറല്‍ അശോക് സിഗ്ദലിനെയാണ്. അദ്ദേഹം ചര്‍ച്ചകള്‍ ധാരാളം നടത്തുന്നുവെങ്കിലും പൊതു സമ്മതനായി ആരുടെ പേരും ഉയര്‍ന്നു വരുന്നില്ല എന്നതാണ് പ്രശ്‌നം.
കെ പി ശര്‍മ ഒലി രാജിവച്ച് നാല്‍പത്തെട്ടു മണിക്കൂര്‍ പിന്നിട്ടിട്ടും അടുത്ത പ്രധാനമന്ത്രിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമേയുള്ളൂ. ഫലത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമില്ലാത്ത രാജ്യമായി നേപ്പാള്‍ മാറിയിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പറഞ്ഞു കേള്‍ക്കുന്നത് ഇപ്പോള്‍ രണ്ടു പേരുകളാണ്. മൂന്നാമതൊരു പേരു കൂടിയുണ്ടായിരുന്നെങ്കിലും ആ പേരുകാരന്‍ സ്ഥാനമോഹിയാകാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കി സ്വയം പിന്‍വാങ്ങി. അതിനു ശേഷം സ്വന്തം പിന്തുണ സാധ്യതാ പട്ടികയിലെ ഒന്നാമത്തെ വ്യക്തിക്കു നല്‍കുകയും ചെയ്തു.
പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ മൂന്നാം പേരു മുതല്‍ നോക്കാം. മൂന്നാം പേരുകാരന്‍ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ആയിരുന്നു. അദ്ദേഹം ഈ കടിപിടിയില്‍ താല്‍പര്യമില്ലെന്നറിയിച്ച് പിന്‍വാങ്ങുകയും സാധ്യതാ പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ള സുശീല കര്‍ക്കിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സാധ്യതയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മാനേജിങ് ഡയറക്ടര്‍ കുല്‍മാന്‍ ഖിസിങ്ങാണ്. വര്‍ഷങ്ങളായി നേപ്പാളിന്റെ ദുരിതമായിരുന്ന വൈദ്യുതി ക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ മേന്മ. ശര്‍മ ഒലി ഗവണ്‍മെന്റിന്റെ വിമര്‍ശകരില്‍ പ്രധാനിയിയാരുന്നതിനാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇദ്ദേഹത്തെ മാനേജിങ് ഡയറക്ടറുടെ കസേരയില്‍ നിന്നു തെറിപ്പിച്ചിരുന്നു.
സാധ്യതാ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴും നില്‍ക്കുന്നത് നേപ്പാളിന്റെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയാണ്. എഴുപത്തിമൂന്നുകാരിയായ കാര്‍ക്കി അക്കാദമിക് വിദഗ്ധയും നേപ്പാളി സുപ്രീം കോടതിയുടെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസുമാണ്. ഇപ്പോഴും എല്ലാവരും ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് ഇവര്‍ക്കു തന്നെ.