ആഗോള അയ്യപ്പ സംഗമം നടത്താമെന്നു കോടതി, കര്‍ശന നിബന്ധനകളോടെ മാത്രം.

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെപ്റ്റംബര്‍ 20ന് പമ്പാ നദീതീരത്തു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് കര്‍ശനമായ നിയന്ത്രണങ്ങളോടെ കേരള ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് അനുമതി നല്‍കിയത്. ഇതോടെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുന്നിലുള്ള വലിയൊരു പ്രതിസന്ധി ഒഴിവായി. ആഗോള അയ്യപ്പസംഗമം നടത്താനുള്ള ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം പരാതികളാണ് ഹൈക്കോടതി ഇതോടെ തീര്‍പ്പാക്കിയിരിക്കുന്നത്.
കോടതി ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലം പമ്പാനദിയുടെ പവിത്രത നശിപ്പിക്കുന്ന വിധത്തില്‍ തീരത്ത് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മിതികളൊന്നും നടത്താന്‍ പാടില്ല. പരിപാടി നടക്കുന്ന ദിവസങ്ങളിലോ അതിന് ഒരുക്കം നടത്തുന്ന ദിവസങ്ങളിലോ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവയ്ക്കു തടസം നേരിടരുത്. അഥവാ ഏതെങ്കിലും ചെറുകിട താല്‍ക്കാലിക നിര്‍മിതികള്‍ ആവശ്യമായി വരുന്നുവെങ്കില്‍ അവ പാരിസ്ഥിതികമായ പ്രശ്‌നങ്ങളുണ്ടാക്കാത്തതും അന്തരീക്ഷത്തിന്റെ പവിത്രതയെ ഹനിക്കാത്തതുമായിരിക്കണം. പ്ലാസ്റ്റിക് പോലെ പ്രകൃതിയില്‍ അലിഞ്ഞു ചേരാത്ത വസ്തുക്കളൊന്നും പരിപാടിയിലുടനീളം ഉപയോഗിക്കാന്‍ പാടില്ല. ഈ സ്വഭാവത്തിലുള്ള ഏതെങ്കിലും പാഴ്വസ്തുക്കള്‍ ഉണ്ടായാല്‍ അവ അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യേണ്ടതാണ്. ഈ പരിപാടിയില്‍ വഐപികള്‍ പങ്കെടുക്കുന്നുവെങ്കില്‍ അവരുടെ വരവ് കൊണ്ട് സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഒരു തരത്തിലുള്ള തടസവും നേരിടാന്‍ പാടില്ല. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുബന്ധ കാര്യങ്ങളിലും സുതാര്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും അവയുടെ ഓഡിറ്റ് ചെയ്ത കോപ്പി പരിപാടി കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ ദേവസ്വം കമ്മീഷണര്‍ക്കു സമര്‍പ്പിക്കേണ്ടതുമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാവരെയും കേവലം അയ്യപ്പ ഭക്തരായി മാത്രം കാണേണ്ടതും എല്ലാവര്‍ക്കും തുല്യമായ സ്ഥാനവും പരിഗണനയും മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതുമാണ്. വന്നെത്തുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പാര്‍ക്കിങ്ങിനും കൃത്യമായ ക്രമം ഉണ്ടായിരിക്കേണ്ടതാണ്. കോടതി ആവശ്യപ്പെട്ടു.