അമീബിക് മസ്തിഷ്‌കജ്വരം കോഴിക്കോട്ട് ഒരു മരണം കൂടി, ഒരു മാസത്തില്‍ ആറാമത്തേത്

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന് ഒരു ഇര കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആറായി. മലപ്പുറം ജില്ലയില്‍ ചേലേമ്പ്ര സ്വദേശിയായ ഷാജിയാണ് ഇന്നു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗങ്ങള്‍ കൂടിയുണ്ടായിരുന്ന ഷാജിയുടെ ശരീരം മരുന്നുകളോടൊന്നും പ്രതികരിച്ചിരുന്നില്ല. രോഗം അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു തിരിച്ചറിഞ്ഞെങ്കില്‍ കൂടി എവിടെ നിന്നാണ് രോഗാണു ഉള്ളില്‍ പ്രവേശിച്ചതെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനു മുമ്പു മരിച്ചവരുടെയും രോഗകാരണം എവിടെ നിന്നു ബാധിച്ചു എന്നത് അജഞാതമായി തുടരുകയാണ്.
നിലവില്‍ അമീബിക് മസ്തിഷ്‌കജ്വരത്തിനു പത്തു പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഒരു തരത്തിലും സമാന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരല്ല രോഗബാധിതരായിരിക്കുന്നത്. അതിനാല്‍ രോഗാണുവിന്റെ സ്രോതസ് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.