പാരീസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരായി പ്രതിഷേധം ആര്‍ത്തിരമ്പുന്നു. എല്ലാം തടയുക എന്ന മുദ്രാവാക്യം മുഴക്കിയാണ് യുവജനങ്ങളും തൊഴിലാളി യൂണിയനുകളുമടക്കം ആയിരങ്ങള്‍ ഇന്നു തെരുവിലിറങ്ങിയത്. 2018-19 കാലഘട്ടത്തില്‍ മാക്രോണിനെതിരെ നടന്ന പ്രതിഷേധത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഇക്കുറിയും പ്രതിഷേധപ്രകടനം. ഈയടുത്തു നേപ്പാളില്‍ തുടങ്ങിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭംപോലെതന്നെ, വ്യക്തമായ നേതൃത്വമില്ലാതെയാണ് പ്രതിഷേധത്തിന്റെ തുടക്കം. പിന്നീട് നാനാതരത്തിലുള്ള ആളുകള്‍ അതങ്ങ് ഏറ്റെടുക്കുകയാണുണ്ടായത്.
തലസ്ഥാനനഗരമായ പാരീസില്‍ പ്രകടക്കാര് ബാരിക്കേഡുകള്‍ക്കു തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തപ്പോള്‍ പോലീസെത്തി കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അവരെ പിരിച്ചുവിട്ടത്. ഇരുനൂറിലധികംപേരെ പ്രതിഷേധമാരംഭിച്ച ആദ്യമണിക്കൂറുകളില്‍ത്തന്നെ അറസ്റ്റുചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധത്തെത്തുടര്‍ന്ന് പവര്ലൈനിനു കേടുപാടുകള്‍ സംഭവിച്ചതോടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി മരവിപ്പിക്കേണ്ടിവന്നതായി ആഭ്യന്തരമന്ത്രി ബ്രൂണോ റിറ്റെയ്ലോ അറിയിച്ചു. ഒരു പ്രദേശവും പൂര്‍ണ്ണമായി സ്തംഭിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ക്കു കഴിഞ്ഞില്ലെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധത്തിലൂടെയും വാഹനങ്ങളും റോഡുകളും അഗ്നിക്കിരയാക്കുന്നതിലൂടെയും ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചമട്ടാണ്.
തിങ്കളാഴ്ച പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെടുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധമുയരാന്‍ തുടങ്ങിയത്. പൊതു അവധികള്‍ വെട്ടിക്കുറയ്ക്കല്‍, പെന്‍ഷനുകള്‍ മരവിപ്പിക്കല്‍ തുടങ്ങിയ പല സാമ്പതിക അച്ചടക്കനടപടികളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു. മാക്രോണിന്റെ നയങ്ങള്‍ അസമത്വം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ചൊവ്വാഴ്ചതന്നെ മാക്രോണ്‍ തന്റെ വിശ്വസ്തനായ പ്രതിരോധമന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തിരുന്നു. പന്ത്രണ്ടുമാസത്തിനിടെ ഇതു നാലാമത്തെ പ്രധാനമന്ത്രിമാറ്റമാണ് ഫ്രാന്‍സില്‍ നടക്കുന്നത്. ഇതോടെ രാജ്യത്തെ അസ്ഥിരതയിലേയ്ക്കു നയിക്കുന്നതിന്റെ പ്രതികരണം കൂടിയാണീ പ്രതിഷേധങ്ങള്‍.
ഈ വര്‍ഷം മദ്ധ്യത്തോടെയാണ് ‘എല്ലാം തടയാം’ എന്ന പേരില്‍ ജനകീയ പ്രസ്ഥാനം രൂപംകൊണ്ടത്. ബഹുരാഷ്ട്രകുത്തകകളെ ബഹിഷ്കരിക്കുന്നതും പൊതുജീവിതം സ്തംഭിപ്പിക്കുന്നതുമുള്പ്പെടെ പല വഴികളും പ്രതിഷേധക്കാര്‍ സമരത്തിനുപയോഗിച്ചുവരുന്നു.
നേപ്പാളിന്റെ വഴിയേ ഫ്രാന്‍സും കത്തുന്നു, എതിര്‍പ്പ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട്
