നിന്ന നില്‍പില്‍ നമ്മളെങ്ങനെ ഓസ്‌ട്രേലിയക്കാര്‍ അല്ലാതായി-ഇന്ത്യന്‍ വംശജയുടെ ചോദ്യം

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണീ കുടിയേറ്റക്കാരിയായ ഇന്ത്യക്കാരിയുടെ കുറിപ്പ്. 35 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വംശജയും എത്തിച്ചേര്‍ന്ന നാടിനെ അഭിഭാഷകയായി സേവിക്കുന്നയാളുമാണ് ലേഖികയായ ഇഷിത സേഥി.
ഇക്കഴിഞ്ഞദിവസം തന്റെ അച്ഛന്‍ പറഞ്ഞൊരു കാര്യംകൊണ്ടാണ് കുറിപ്പു തുടങ്ങുന്നത്. 35 വര്‍ഷക്കാലം ഓസ്‌ട്രേലിയക്കാരായിരുന്ന നമുക്കിന്ന് നാം ഓസ്‌ട്രേലിയക്കാരല്ലെന്നു തോന്നിപ്പിക്കുംവിധമാണ് കാര്യങ്ങളുടെ പോക്ക്. ഈ നിരീക്ഷണം അവരെ ഇരുത്തി ചിന്തിപ്പിച്ചുകളഞ്ഞെന്ന് ലേഖിക പറയുന്നു. തന്റെ പിതാവ് ഇതു പറഞ്ഞത് വിദ്വേഷംകൊണ്ടല്ല, ആശ്ചര്യംകൊണ്ടാണെന്നവര്‍ മനസ്സിലാക്കി. എന്നുമുതലാണ് ഓസ്‌ട്രേലിയന്‍ സമൂഹത്തിനു ചെയ്ത സംഭാവനകളെക്കാള്‍ ഒരാളുടെ വംശംമൂലം ഓസ്‌ട്രേലിയക്കാരെ അളക്കാന്‍ തുടങ്ങിയതെന്നവര്‍ ചോദിക്കുന്നു.
1980കളില്‍ വിദഗ്ദ്ധതൊഴിലാളി വിസയില്‍ ഓസ്‌ട്രേലിയയിലെത്തി തന്റെ നാടും തന്റെ ചെറിയ കുടുംബവും കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ജനാധിപത്യസഹകരണത്തിലൂടെയും കെട്ടിപ്പടുത്ത ആ മനുഷ്യന്‍ എങ്ങനെയാണ് ഓസ്‌ട്രേലിയക്കാരന്‍ അല്ലാതാവുന്നത്? വംശത്തിലുപരി സമൂഹത്തിനു ചെയ്ത സംഭാവനകളെപ്രതി സ്വത്വം നിര്‍ണ്ണയിക്കുന്നത് ഓസ്‌ട്രേലിയയുടെ ഒരു പ്രത്യേകതയാണ്. ഓസ്‌ട്രേലിയന്‍ ഭരണഘടനയുടെതന്നെ സുപ്രധാനമായൊരു പ്രത്യേകതയാണ് പല നാടുകളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നുമുള്ളവരെ ചില പൊതുതത്വങ്ങളാല്‍ സമന്വയിപ്പിച്ച് ഓസ്‌ട്രേലിയക്കാരെന്ന ഐഡന്റിറ്റിക്കു കീഴില്‍ അണിനിരത്തുന്നത്. അതേസമയം താന്താങ്ങളുടെ സംസ്‌കാരവും ജീവിതരീതികളും പിന്തുടരാനവര്‍ക്കു സാധിക്കുന്നതും ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇതാണ് വിഭജനത്തിന്റെ രാഷ്ട്രീയം സൗകര്യപൂര്‍വ്വം ഏറ്റവുമാദ്യം മറക്കുന്നത്.
ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാര്‍ പലരും വളരെ യാഥാസ്ഥികരും കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവരുമാണ്. അതവരുടെ ഓസ്‌ട്രേലിയന്‍ സ്വത്വത്തിന്റെതന്നെ ഭാഗമാണ്. വംശത്തേക്കാള്‍ കഴിവും, പലയിടങ്ങളിലുമുള്ള ബന്ധങ്ങളേക്കാള്‍ സമൂഹത്തിനുചെയ്ത സംഭാവനകളും, പ്രാചീനമായ ഗോത്രചിന്താഗതിക്കു പകരം ജനാധിപത്യമൂല്യങ്ങളും. അതാണ് ഇനിയുമീ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ടതെന്ന് ഇഷിത സേഥി പറയുന്നു.
ഇന്ത്യന്‍ വംശജരായ ഓസ്‌ട്രേലിയക്കാരും അതേപോലെ ശ്രദ്ധാലുക്കളാകണമെന്നവര്‍ പറയുന്നു. തങ്ങളുടെ വശംത്തെ പ്രതി
മാത്രം സ്വത്വത്തിനു വിലകല്‍പ്പിക്കുന്നവരേക്കാള്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തങ്ങളുടെ സമൂഹത്തിനുചെയ്ത സംഭാവനകളും തങ്ങളുടെ കഴിവുകളും മൂല്യങ്ങളും തിരിച്ചറിയുവാന്‍ ആഹ്വാനംചെയ്യണമെന്ന് ഇഷിത പറയുന്നു. തങ്ങളാരാണെന്ന സ്വത്വം മാറ്റുന്നതിലല്ല, തങ്ങളെന്തിനെ പ്രതിനിധാനം ചെയ്യുന്നെന്ന് തിരിച്ചറിയുന്നവരെ വിജയിപ്പിക്കുന്നതിലാണു കാര്യമെന്നാണ് ഇഷിതിയുടെ പക്ഷം.